Sunday, February 12, 2012

ഗൃഹാതുരത്വങ്ങള്‍


ജീവിതം നഗരത്തില്‍ വേഗത്തില്‍ നീങ്ങവേ
ജീവിതവാസരം സ്വപ്നത്തില്‍ മാത്രമെ -
ന്നാകുല ചിത്തരായ് ചിന്തിച്ചിരിക്കവേ
നഗരത്തിന്‍ സൌഹൃതം ഒത്തുകൂടുന്നേരം
സ്മരണതന്‍ നൌകയില്‍ സഞ്ചരിച്ചീ മനം

നാട്ടിലെ പച്ചയും നാല്പാമാരങ്ങളും
നാലുമണിക്കുള്ള പൂവിരിയുന്നതും
നല്ലൊരു മഞ്ഞക്കിളിതന്‍ കരച്ചിലും

നാട്ടുമാവില്‍ നിന്ന് കിട്ടുന്ന മാങ്ങയും
മാന്തളിര്‍ തിന്ന കുയിലിന്റെ നാദവും
മധുതിന്നു മതിവന്ന തൂക്കണാം കുരുവിയും
മാമ്പഴം തിന്നു മടുത്ത ദിനങ്ങളും
കളിവീട് കെട്ടിയതിനുള്ളിലെപ്പോഴും
മണ്ണ് കൊണ്ടുള്ളോരു ചോറും കറികളും
നമ്മുടെ നാടക, കഥകളി നടനവും
നാട്ടിലെ വിഷുവും, പെരുനാളുകളും,
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

ഓണനിലാവും, ഓണത്തല്ലും
ഓണത്തപ്പന്‍ കുടവയര്‍ നിറയണ
പോലൊരു സദ്യക്കാര്‍ത്തി പിടി -
ച്ചോടി നടന്നൊരാ നാളുകളും
ഉപ്പേരികളും, ശര്‍ക്കരവരളികള്‍ ആവോളം
തിന്നാശക്കറുതി വരുത്തിയ നാളുകള്‍
ചതുരങ്കക്കളി, പകിടയുമഖിലം
ഊന്ജാലാട്ടോം, ഓണപ്പാട്ടിന്‍ താളലയങ്ങളും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

പാടങ്ങള്‍ മഞ്ഞച്ച പാവാടയിട്ടതും
പാടവരമ്പത്തോടി കളിച്ചതും
പാടത്തിന്‍ കരയിലെ പട്ടം പറത്തലും
പാഴ്മരം, തോടുകള്‍, പച്ചവനങ്ങളും
പാറിപ്പറക്കുന്ന പഞ്ചവര്ണ തത്ത
പാതി പഴം തിന്നും പേര തത്തയും
പുള്ളോന്‍മാരുടെ പാട്ടിന്റെ രാഗവും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍

അമ്മതന്‍ വാല്സല്യമെന്നും കൊതിച്ചതും
അച്ഛന്റെ കഷ്ടത ധൈര്യം പകര്‍ന്നതും

അകമലര്‍ വാടിക്കരിഞ്ഞപ്പോളമ്മേടെ

ആലംബമാരാമമായി പകര്‍ന്നതും
ആശയാം പാശത്തെ കെട്ടിവലിച്ചതും
അല്ലതില്ലാതേവം നാളുകള്‍ പോയതും
ഈ മര്‍ത്യ മാനസ ഗൃഹാതുരത്വങ്ങള്‍



Sunday, February 5, 2012

ഇരുപത്തിരണ്ടാം നൂറ്റാണ്ട്

ഒഴുകുന്ന നഗരം - 22 nd Century



മാറ്റങ്ങള്‍ മാറ്റങ്ങള്‍ എന്തിലും മാറ്റങ്ങള്‍
ഭൂമിയോ ചെറിയോരു പന്തായപോലെ
ചന്ദ്ര ഗ്രഹവും നമുക്കടുത്തായ പോലെ
മറുകര താണ്ടാന്‍ മണിക്കൂറു മാത്രം
സാഗരം പോലും നഗരങ്ങളാക്കും
ശൂന്യാകാശം പരീക്ഷണ ശാലകള്‍ ആക്കും
രാജ്യങ്ങളെല്ലാം മഹാ ശക്തികളാകും
നിമിഷങ്ങള്‍ കൊണ്ടു ഹനിക്കുന്ന ബോംബുകള്‍
എല്ലാം ആര്‍ജിച്ചു പൂജിക്കും രാജ്യങ്ങള്‍

കമ്പ്യൂട്ടര്‍ കൈകളില്‍ മൊബൈല്‍ പോലെ
കാണുന്നു കൈകളില്‍ ലോകത്തെയാകെ
കൈക്കുമ്പിളില്‍ ലോകം കണ്ണാടി പോലെ
മൊബൈല്‍ വെറും കളിപ്പാട്ടം പോലെ
ചാറ്റിങ്ങും ചീറ്റിങ്ങും പതിവു കാഴ്ച
കാണാം നമുക്കേവം നാളത്തെ ലോകം

രോഗങ്ങള്‍ മാറുന്നു ആയുസ്സ് കൂടുന്നു
രോഗികള്‍ സൌഖ്യം പ്രാപിക്കും വേഗം
സ്വയമോ പ്രതിരോധ ശക്തിയേ ഇല്ല
എങ്കിലും വൈദ്യന്മാര്‍ ആയുസ്സ് കൂട്ടും
എല്ലാം ചികിത്സതന്‍ നേട്ടങ്ങള്‍ മാത്രം
ഔഷദ വിദ്യതന്‍ സാങ്കേതികത്വം
വൈദ്യര്‍തന്‍ നേട്ടങ്ങള്‍ കൂടുന്നു നൂനം
രോഗികള്‍ ആശ്യാസം കൊള്ളുന്നു വെക്കം
കാശുള്ള കീശയോ കാലിയുമാകും

രാഷ്ട്രീയ നേതാക്കള്‍ കൊയ്യുന്നു ദ്രവ്യം
ദിനവും രജനിയും ജോലികള്‍ ചെയ്തു
കഷ്ടപ്പെടുന്നൊരു ജനജവര്ഗമപ്പോഴും
കാണും സ്വപ്‌നങ്ങള്‍ മനതാരിലപ്പോഴും

അഗതികള്‍, ആശ്രിതര്‍, ആലംബഹീനരും
ഭിക്ഷാന്‍ദേഹിയും, കൊടീശ്വര്‍ന്മാരും
പരപുരന്ജയ, പണ്ഡിത, പാമര
പത്രാസു കാട്ടും പാന്ഥനുമെല്ലാം
അന്നും ശയിക്കും ഇന്നത്തെ പോലെ
ലോകം ഗമിക്കും അപ്പോഴും മുന്നോട്ടു

Monday, January 30, 2012

സൂര്യന്‍

വര്‍ഷങ്ങളായി കത്തുന്നു നിന്നിലെ
ഊര്‍ജം മുഴുവന്‍ പ്രകാശിച്ചു കൊണ്ട്
വര്‍ഷങ്ങളായി കത്തുന്നു നിന്നിലെ
പ്രകാശം മുഴുവന്‍ മണ്ണിനു നല്‍കി
സൌരയൂഥത്തിന്‍ കേന്ദ്രത്തു നിന്നും
നല്‍കുന്നു കിരണങ്ങള്‍ ഗ്രഹങ്ങള്ക് നേരെ
എന്നും പ്രകാശം നല്‍കിയും നിന്നും
എന്നും ഊര്‍ജം ചരാ ചരങ്ങല്ക്
നല്‍കി നീ നില്കുന്നു, സ്വയം ഉരുകുന്നു
ജീവന്റെ നിലനില്പ് ഭൂമിക്കു നല്‍കി
സ്വയം എരിഞ്ഞു നീ മാതൃകയായി
നക്ഷത്ര വര്‍ഷങ്ങള്‍ക്കപ്പുറം നീ നിന്ന്
കാണുന്നു ഗ്രഹങ്ങള്‍ തന്‍ രോദനമെല്ലാം
എങ്കിലും ഞങ്ങളോ ആകാംഷയോട്
ചോദിച്ചു ഇനിയെത്ര വര്‍ഷങ്ങള്‍ നീ -
നിന്റെ ഊര്‍ജം പ്രകാശിച്ചു ഞങ്ങള്ക് നല്‍കും

നമ്മുടെ ജീവിതം സൂര്യനെ പോലെ
നന്മയില്‍ എരിഞ്ഞു ശൂന്യമായെങ്കില്‍
നല്‍കുന്നു അന്യര്‍ക് പ്രകാശം എങ്കില്‍
നാം തന്നെ നാം തന്നെ ഈശ്വരന്മാര്‍

Thursday, January 26, 2012

യുക്തിയും മുക്തിയും

യുക്തിയാം യവനികക്കുള്ളില്‍ തിളങ്ങുന്ന
മുക്തിയാം മാര്‍ഗങ്ങള്‍ എത്ര സുരക്ഷിതം
എങ്കിലും ചിന്ത തന്‍ യവനികക്കുള്ളിലോ
യുക്തിതന്‍ മാര്‍ഗങ്ങള്‍ നല്‍കില്ല മുക്തിയും

യുക്തിയും ശക്തിയും തല്ലില്‍ കലഹിച്ചു
കലഹപ്രിയരായ ജനതയെ സൃഷ്ടിച്ചു
കാണുവിന്‍ നമ്മുടെ മുക്തികിട്ടാ തതി
ദാരിദ്ര്യ ദുഃഖങ്ങള്‍ക്കറുതി വരുത്താനോ
ക്ഷണികമാം ജീവിത മുക്തിയെ നേടാനോ
സത്ഗുണ സമ്പത്തിന്‍ ശക്തിയെ നേടാനോ
രാജ്യത്തിന്‍ ഐശ്വര്യം കാത്തുരക്ഷിക്കാനോ
വ്യക്തിതന്‍ ജീവിത രക്ഷയെ നേടാനോ
യുക്തിമാര്‍ഗത്തിനു സാധിക്കുകില്ലെങ്കില്‍
മുക്തിതന്‍ മാര്‍ഗങ്ങള്‍ എത്ര അകലത്തില്‍

ഭാഗ്യ ദോഷങ്ങളെ പഴിചാരി നമ്മുടെ
കര്‍മത്തിന്‍ മണ്ഡലം ആകെ മറക്കുമ്പോള്‍
കര്‍മ ഫലത്തിന്‍ നിദാനം അറിയാതെ
കാണുന്നു നിഷ്ഫല യുക്തിയും മുക്തിയും

Thursday, December 15, 2011

ജീവിതലഹരിയും വൃദ്ധരും

മോഹിക്കുന്നുവോ ഹരം
കൊള്ളുന്ന ലഹരിയെ പിന്നെ
മോഹിക്കുന്നുവോ ഹന്ത
ശോകാഗ്നി വര്‍ഷത്തെ അകറ്റുവാന്‍ (2)

അനുഭവമാണെന്റെ ഗുരു
എന്ന് ചിന്തിച്ചു ഞാന്‍ (2)
ചിന്തിത മെന്തിതിലെന്നു ചിന്തിച്ചു
ജീവിതം തന്നൊരു ലഹരിയല്ലേയെന്നു
വര്‍ധിത മോഹത്തോഡല്ലലെ പുല്‍കി ഞാ-
നാകാംഷയോടങ്ങ്‌ ദിവസങ്ങള്‍ എണ്ണവെ
കാണുന്നു ഞാനൊരു ദീനമുഖം തന്നി-
ലാവേശമെല്ലാം വൃധാവിലാക്കിക്കൊണ്ട്
ലഹരിയെ പുല്‍കാന്‍ മടിച്ചങ്ങു നിന്നു-
കൊണ്ടാ സോദരനെ തന്നെ
നോക്കി ഞാന്‍ നിന്നുപോയ്

കണ്ണുകള്‍ കുഴിയിലായ്‌ ചുക്കി-
ചുളിഞ്ഞൊരു ചര്മത്തിലങ്ങിങ്ങു
കാണുന്നു വയസ്സിന്റെ പാതപോല്‍ വടുക്കളും
ഒട്ടിയ കവിളിനെ തഴുകുന്ന രോമത്തി-
ലങ്ങിങ്ങു കാര്മേഖ പടലത്തിലെന്ന പോല്‍
കാണുന്നു വെന്മേഖ രോമകൂപങ്ങളും
അസ്ഥികള്‍ കൊണ്ടുള്ള കൂട്ടിലാണെന്ന പോല്‍
ആ വയോ വൃദ്ധന്റെ ദീന ഭാവങ്ങളും (അസ്ഥി..)

കയ്യിനും കാലിനും ശക്തിയില്ലാ
മേയ്യാണെന്കിലോ മെല്ലിച്ചിരിക്കുന്നു
ആകുല ചിത്തനായ് നിന്നീടവേ
ആശോക നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നു (2)

ഇന്നലെ നിന്നെ വളര്‍ത്തിയ മുത്തശ്ശന്‍
ഇന്നൊരു മൂലയില്‍ തെരുവിന്നോരത്താ-
രെയോ കാത്തുള്ള നില്പതു കണ്ടാ-
ലാരുടെ കണ്ണും നിറഞ്ഞുപോകും

അകലെയൊരു തെരുവിലൊരു വൃദ്ധക്കൂട്ടി-‍
നുള്ളിലൊരു മൂലക്കിരിക്കൊന്നൊരു വൃദ്ധ (2)
അല്ലലില്ലാതെ വളര്‍ത്തി തന്‍ മക്കളെ
അമ്മിഞ്ഞപ്പാലിന്‍ മധുരം കൊടുത്തവള്‍
അന്തിമ കാലത്തൊരത്താണി ആകാനായ്
നാലഞ്ചക്ഷരം ഓതിക്കൊടുത്തവള്‍
തന്മക്കളിന്നോ വലിയോരുദ്യോഗത്തില്‍
ഇന്നലകളെ ഓര്‍ക്കാന്‍ നെരോമില്ല

മക്കളെ സ്നേഹിച്ച അച്ഛനുമമ്മയും
വിസ്മരിക്കല്ലേ നീ ഒരുനാളും എങ്കിലും
ജീവിത യാത്രയില്‍ വിസ്മരിച്ചീടുന്നാ-
സ്നേഹത്തിന്‍ ആലയമാകും ഹൃദയത്തെ

വൃദ്ധസ്സദനം, സ്നേഹസ്സദനം, ഇങ്ങിനെ
എത്രയോ സുന്ദര സദനങ്ങള്‍
നാള്‍ക്കുനാള്‍ നമ്മുടെ നാട്ടില്‍ വരുന്നുണ്ട്
മൂകമായ് നമ്മുടെ വൃദ്ദരെ പാര്‍പ്പിക്കാന്‍

ജീവിത മോഹങ്ങളെല്ലാം ത്യജിച്ചിട്ടു
ജീവിത ലഹരിയില്‍ ജീവിച്ചു തീര്‍ക്കാനായ്‌
ജീവിതം അന്ന്യര്‍ക്ക് ദാനമായ്‌ നല്‍കിയ
മഹാനുഭാവന്മാര്‍ കണ്ടോരു കാഴ്ചകള്‍ (2 )

എന്തിനും ഏതിനും ലഹിരിയെപുല്കിനാ-
മിന്നിന്റെ മാനവന്‍ ആയി കഴിഞ്ഞാലോ
ജീവിതമെന്നൊരു ലഹരിയുന്ടെന്നു നാം
ഓര്‍ക്കേണം ഹൃത്തില്‍ എന്നെന്നും നിര്‍ണയം

Sunday, December 4, 2011

മുല്ലപ്പെരു ദുരന്തം


കണ്ടില്ലേ ദുരന്തം വരുമാറുച്ചത്തില്‍
നമ്മുടെ പാറകള്‍ പൊട്ടുന്ന
ഭൂമി പിളര്‍ക്കുന്ന, ശബ്ദമല്ലേ അത്
നാടും വീടും ഭയന്ന് വിറയ്ക്കുന്ന
നാടിന്റെ ഭീഷണിയായി വളര്നോര്നൊരു
സങ്കര്‍ഷ ഭൂമി പോലുള്ളൊരു അണതന്നില്‍
വിള്ളലായ് കാണുന്ന ഭീഷണിയും നൂനം

നാനാ ജനവും നടുങ്ങുമാറുച്ചത്തില്‍

പെരുമ്പറ കൊട്ടി അറിയിച്ചിതെങ്കിലും
നമ്മുടെ അയല്‍വാസി ആയിഭരിക്കുന്ന
അങ്കന തലൈവിക്കറിയാമിതെങ്കിലും
കാണുന്നുമില്ല കേള്കുന്നുമില്ലഹോ !
ജല ജനനീ മകുടമായുള്ളൊരു
മുല്ലപ്പെരിയാറിന്‍ കണ്ണുനീരിന്‍ കഥ

ദുരന്ത സാഗരമാകാതിരിക്കാനായ്
മേലാളന്‍മാരുടെ കണ്ണ് തുറക്കാനായ്
നാടിന്റെ നന്മയെ കാത്തുരക്ഷിക്കാനായ്
കൂട്ടരേ നമ്മുക്ക് കൂട്ടമായെത്നിക്കാം


Wednesday, November 16, 2011

സ്ത്രീജന്മ ദുഃഖങ്ങള്‍


ഒരുദിനം പുതിയൊരു ക്ഷിതിയിലേക്ക്
ജന്മാവകാശമാം സത്യത്തിലേക്ക്
എങ്കിലും തൃപ്തി വരാ തതിയിങ്കല്‍
മമ പ്രാണനും ഭൂജാതയായി (2)

കൈ വളരട്ടെ കാല്‍ വളരട്ടെ
എന്നൊക്കെ ഓമനിച്ചച്ചനും അമ്മയും
ഓരോ ദിനവും തീഷ്ണതയോടങ്ങ്‌
തന്കുഞ്ഞിനെ പോറ്റി വളര്‍ത്തീടുന്നു

തന്‍മാതാവിന്‍ സ്നേഹവാല്സല്യവും
തന്‍പിതാവിന്‍ രക്ഷാ കവചങ്ങളും
തന്നുള്ളില്‍ ആനന്ദ പേമാരിയായി
ഓടിക്കളിച്ചങ്ങു താന്‍ സന്ധ്യയോളം
ഹാ! നല്ല നാളുകള്‍ എത്ര മനോഹരം
ഒരു നാളും മറക്കുകില്ലീ അങ്കന

ഒരു നാളില്‍ അവളൊരു യുവതിയായി
ഒരു നാളില്‍ അവള്‍ കണ്ടു ലോകത്തിനെ
ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടോരു ലോകത്തില്‍
ഒരു പിടി കയ്പിന്റെ അനുഭവങ്ങള്‍ (2)

എല്ലാം സഹിക്കുന്ന സ്ത്രീ ജനങ്ങള്‍
കുഞ്ഞിനേം കണവനേം പോറ്റുന്നവള്‍
കഠിന പ്രയത്നത്തില്‍ ദ്രവ്യത്തിനെ
ആര്‍ജിച്ചു വന്നവള്‍ ആഹരിക്കും

നല്ല ഹൃദയങ്ങള്‍ ഉണ്ടെന്നിരിക്കിലും
നന്മയെ പുണരാന്‍ മടിക്കുന്ന ലോകത്തില്‍
കരാള ഹസ്തങ്ങള്‍ അവള്‍ക്ക് മുന്നില്‍
കാട്ടുന്നു കാട്ടാള ദംഷ്ട്രങ്ങളും

ഏകയായി ഒരിടത്ത് പോകാനോ വയ്യ
വാഹന യാത്രയോ എത്ര കഠിനങ്ങള്‍
ചൂഷണ വലയത്തിന്‍ ചഞ്ചല നയനങ്ങള്‍
ചങ്കില്‍ തുളച്ചു ചകിതയായി തീരുന്നു
ബസ്സിലോ ട്രെയിനിലോ ഓട്ടോയില്‍ പോലുമേ
ഭയമുള്ള ഹൃദയമായി തീര്‍ന്നിടുന്നു
അതിമോഹ, കാമ, കഠിന ഹൃദയത്തിന്‍
ദംഷ്ട്രങ്ങള്‍ ഒക്കെയും കാട്ടിക്കൊണ്ട്
പച്ചമാംസത്തിന്‍ ചോരയും നീരും
കുടിച്ചു തീര്‍ക്കുന്ന കാപാലികന്മാര്‍
പിഞ്ചു കുഞ്ഞുങ്ങളെ പോലും വിടാത്തൊരു
ചഞ്ചല മാനസ ചിന്തയില്‍ നിന്നൊരു
തിരുട ഹൃദയ രാക്ഷസന്മാര്‍

തത്വശാസ്ത്രങ്ങളെ ചൊല്ലുക നിങ്ങള്‍
ഭരണ മേലാള്കളെ ചൊല്ലുക നിങ്ങള്‍
എവിടെപോയി സദാചാര സത്ഗുണങ്ങള്‍
എവിടെപോയി തവനീതി പാലനങ്ങള്‍
എന്നെന്നും ഭാഷണ പോഷണങ്ങള്‍
എന്നെന്നും നാട്ടിലെ സുന്ദര വാഗ്ദാനം
"എന്നെന്നും ഞങ്ങള്‍ കാത്തിടും ചാരിത്ര്യം"
എന്നേക്കും കാറ്റില്‍ പറത്തിക്കൊണ്ടു
എന്നും സുഖിക്കുന്ന മേലാളന്മാര്‍

സ്ത്രീയേ നീയൊരു മാലാഖയായി
മാനസ വീഥിയില്‍ മാതൃകയായി
മന്ദസ്മിത്തതിന്‍ മന്ദ മാരുതനായി
മാറ്റുക സാമൂഹ്യ ചട്ടങ്ങളെ (2)

ഭൂമിയില്‍ ഭൂജാതയാകുന്ന നേരത്ത്
ഭദ്രമാം ഭാവിക്ക് ഭാവുകങ്ങള്‍
ഭാസുര നവലോക ഭാവുകങ്ങള്‍
ഭദ്രേ നിനക്ക് ഞാന്‍ നേര്ന്നിടുന്നു