Tuesday, June 12, 2012

പൂഴിമണ്ണ്


മണ്ണ് മണക്കുന്നു മണ്ണ് മണക്കുന്നു
പുതുമഴയില്‍ ഹാ നല്ല മണ്ണ് മണം
നമ്മുടെ അസ്തിത്വ മണ്ണ് മണം  ( 2 )

തന്മാത്ര എന്നത് ആറ്റങ്ങളാണെന്നു-
മുള്ളോരറിവിന്റെ പൂര്‍ണതയില്‍
എത്രയോ തന്മാത്ര കൂടിക്കലര്ന്നിട്ടു-
ന്ടായോരാനല്‍ മണല്‍കൂമ്ബാരവും
എത്രയോ നാളുകള്‍ തേഞരഞ്ഞാ നല്ല
തരികള്ക്കിടയിലോ കാണുന്നു പാഴ്ജന്മ-
മാകുന്നൊരാ തനി പൂഴിമണ്കൂമ്പാരവും
എത്രയോ വൃക്ഷങ്ങള്‍ വളമായെടുത്തതും
എത്രയോ കാതങ്ങള്‍ ഒഴുകിത്തിമിര്ത്തതാ
പോകുന്നു തോടുകള്‍ മേടുകള്‍ താണ്ടിയാ
ദ്രവ്യത്തിന്‍ മാറ്റമോ നില്‍ക്കാത്ത യാത്രയും
വൃക്ഷങ്ങള്‍, പക്ഷി മൃഗാദികള്‍ തന്നെയും
സര്‍വ ചരാചര ജീവികള്‍ എന്നിവ
മാറ്റത്തിന്‍ ചാലക വാതയനത്തിലാ-
ണെന്നൊരു സത്യമിവിടെയുന്ടെന്നു നാം
അറിയുക, ജ്ഞാനപ്രകാശമാം മാറ്റത്തെ,
പദാര്ത്ഥമാം പൂഴിയെ നാമറിന്ജീടണം
പണ്ടേ ചലിക്കുന്ന അസ്തിത്വമാണവ
മരണമോ ജനനമോ മാറ്റില്ല മണ്ണിനെ

പൂഴിമണ്‍ തന്നിലേക്കമരുന്ന  ജീവനോ
ആകുന്നു പൂഴിതന്‍ സ്ഥായിയാം അസ്ഥിത്വം
അങ്ങിനെ പോകുന്നു നമ്മുടെ ജീവനും
മറ്റൊരു ജീവനു കാരണഭൂതവും
പച്ചയാം മനുഷ്യനോ പാന്ഥനാണെങ്കിലും  
പാഴ്ചിന്ത മാറ്റില്ല ഇരവിലും പകലിലും
അഹമെന്നുള്ളോരു ഭാവത്തില്‍ നീന്തുന്നു
വ്യര്ഥമാം വ്യാമോഹ  സ്വര്ഗത്തിലും
വിഹമെന്ന സത്യമോ ധരിത്രിയിലാണെന്നു
വീണ്‍വാക്ക് ചൊല്ലിചലിക്കുന്നു നമ്മളും  
നമ്മളോ സത്യത്തില്‍ പൂഴിമണ്‍ തന്നെ
പണ്ടേ ജനങ്ങളറിയുന്ന സത്ത്യവും

ചലനത്തിലാണ് തന്‍ ചോരയും നീരും
ചലനത്തിലാണ് തന്‍ ജീവന്റെ തേജസ്സും
എങ്കിലും താനൊരു പൂഴിമണ്ണാണല്ലോ
ജീവന്റെ വേരായ പൂഴിമണ്ണാണല്ലോ
ദ്രവ്യത്തിന്‍ മാറ്റങ്ങള്‍ മറക്കരുതേ നമ്മള്‍
ദ്രവ്യമോ സര്‍വത്ര കാണുമീ പൂഴിമണ്ണും

മണ്ണ് മണക്കുന്നു മണ്ണ് മണക്കുന്നു ... ( 2 )
 

 

Thursday, May 24, 2012

മഞ്ഞുകാലത്തെ ഉറക്കം

മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍
മാരിക്കാറുകള്‍ കണ്ടില്ല നൂനം
മാനത്തു പൂക്കുന്ന മഞ്ഞൊന്നു കാണുവാന്‍
മാമകചിത്തം കൊതിച്ചില്ല തെല്ലും

മാമരം കോച്ചും തണുപ്പാണതെങ്കിലും
രാത്രിയില്‍ നിദ്രയോ സൌഖ്യത്തിന്‍ ദായകം
മഞ്ഞുള്ള രാത്രിതന്‍ ചാരുതയോടു ഞാന്‍
മഞ്ഞു കാലത്തിന്റെ മാറില്‍ക്കിടന്നേവം
നിദ്രയില്‍ സൌഖ്യത്തിന്‍ ചാരുത കണ്ടു
നല്ല പുതപ്പിന്റെ ഉള്ളില്‍ കിടന്നു
നല്ലൊരു നിദ്രയെ പുല്കിയെന്‍ ഹൃത്തം
നന്ദി പറയുന്നു മഞ്ഞു കാലത്തിനു
സ്വപ്നത്തില്‍ ഞാനൊരു യാത്ര തിരിച്ചു
സഹ്യനേം ഹിമവാനേം കണ്ടങ്ങ്‌ ചുറ്റി
മാനത്തു കൂടങ്ങോടിയ നേരം
മാലോകരൊക്കെയും വണ്ണമുറക്കത്തില്‍
കാണുന്നു പക്ഷിമ്രിഗാദികള്‍ ആ രാവില്‍
നിദ്രതന്‍ സൌഖ്യത്തെ ആവോളം ആശിച്ചു
ആസ്വദിച്ചാവോളം ആ നല്ല നിദ്രയെ
ആനന്ദം ആനന്ദം ആണവയ്ക്കെല്ലാമേ
കമ്പിളിപ്പുതപ്പില്‍ ഏകനായ് ഞാനൊരു
നിദ്രാടനത്തിന്റെ വാതില്‍ക്കല്‍ എത്തിയോ
ഇല്ലെന്നുറച്ചു കൊണ്ടാമഞ്ഞു രാവില്‍ ഞാ-
നുള്ളം നിറഞ്ഞുള്ള ധ്യാനസ്ഥിതനായി

രാത്രിയില്‍ ചീവീട് ശബ്ദമുഖരിതം
പ്രേതത്തിന്‍ യാമങ്ങള്‍ എന്നതു  പോലവേ
യാമങ്ങള്‍ ഓരോന്നടര്ന്നങ്ങു വീഴവെ
പുലര്‍കാല യാമവും വന്നു ക്ഷണത്തിലും
പുലര്‍കാലമഞ്ഞിന്‍ കുളിരേറ്റു ഞാനൊരു
പുത്തനുണ ര്‍വിന്റെ പാതിമയക്കത്തില്‍
അര്‍ക്കന്റെ രശ്മികള്‍ തൊട്ടുനര്‍ത്തീടവേ
ഉണര്‍ന്നൂ ഞാനാ മഞ്ഞിന്‍ പ്രഭാതത്തില്‍

മാനത്തു പൂത്തൊരു മഞ്ഞിന്‍ പുതപ്പില്‍ ......
  

കുടുംബ പ്രാര്‍ഥന

പണ്ടൊരു കാലം പ്രാര്‍ഥനയെന്നൊരു
ചിട്ടയിലുള്ളോരിരവുകളധികം
അച്ഛനുമമ്മയുമെത്രതിരക്കാണെങ്കിലു
മക്ഷണമാത്രയിലുള്ളൊരു
പ്രാര്‍ഥനയെന്നോരാധ്യാനത്തില്‍
ഉത്തമ മാതൃക കാട്ടിക്കൊണ്ടാ
മക്കള്കെന്നും വഴിയായി നിന്നു
ചിട്ടകളനവധി, ചട്ടങ്ങള്ക്കോ
ഒട്ടും പഞ്ഞം കാന്മാനില്ലാ
തങ്ങിനെ പ്രാര്‍ഥന കേള്‍ക്കാമവിടെ

മക്കള്‍ പ്രാര്‍ഥന ചൊല്ലുന്നേരം
കല പില, ചല പില പാടില്ലവിടെ
കൃത്യതയുള്ളൊരു സമയത്തില്‍ ആ
വീട്ടില്‍ പ്രാര്‍ഥന ചൊല്ലീടേണം
മനമൊരുതപസ്സില്‍ പോയാല്‍ പിന്നെ
മാനസ സീമയില്‍ യാചനയായി
വീട്ടില്‍ പ്രാര്‍ഥന ചൊല്ലുന്നേരം
പലവിധ ചിന്തകള്‍ പാടില്ലെന്നും
രോഗം മാറാന്‍, പീഡകള്‍ മാറാന്‍
നല്ലൊരു ഗൃഹമായി മാറീടാനും
നിത്യ പ്രാര്‍ഥന ആയുധമായി
ട്ടാശിച്ചുള്ളോരെത്ര ദിനങ്ങള്‍
നമ്മുടെ പൂര്‍വികര്‍ മാതൃകയായി
ട്ടേവം സത്യം തന്നാണെന്നും

ഇന്നൊരു കാലം പ്രാര്‍ഥയെന്നൊരു
ചിട്ടകളിധികം കാണ്മാനില്ല
ചിന്തകളനവധി, ജോലികളനവധി
അച്ഛനുമമ്മയും എത്തീടാനോ
നല്ലൊരു പ്രാര്‍ഥന ചൊല്ലീടാനോ
ആര്‍ക്കും നേരം ഇല്ലേ ഇല്ല
ആര്ജിക്കുന്നൊരു പണവും ഒരുനാള്‍
ആശക്കൊത്തോരൈശ്യര്യത്തെ
തന്നില്ലെന്നു വരാമെന്നോരുനാള്‍
ചിന്തിക്കുന്നൊരു കാലം കാണാം
എന്നുമരൂപി, ശാന്തിയുമഖിലം
എന്നും സന്ധ്യക്കാകാം പ്രാര്‍ഥന

Wednesday, May 2, 2012

ജനനവും മരണവും

അമ്മയുടെ ഉദരമെന്ന പളുങ്ക്പാത്രമുള്ളില്‍ നാം
അറിഞ്ഞിടാതെ നിനച്ചിടാതെ ജനിച്ചിടുന്നിഹത്തിലും
ജനിച്ചുവെന്ന കാരണവും ജീവിതത്തിനാക്കമായ്
ജനിച്ചിടുന്ന മക്കള്‍ നാം ധരിത്രിയില്‍ സജീവവും
പഠിച്ചിടുന്നു ജീവിതത്തില്‍ പലതരത്തിലനുഭവം
പഠിച്ചിടാത്ത ഭാഗമൊക്കെ അനുഭവത്തില്‍ വന്നിടും
ശിശുവിരുന്നു പഠിക്കുമെങ്കില്‍ പഠനമാദ്യമനുഭവം
പഠനമെന്ന മുള്ളിനെ നാം നല്ല തോണിയാക്കണം
ഒരിക്കല്‍ വന്നുതന്‍ ശിരസ്സില്‍ കയറിടുന്ന അനുഭവം
ഉറച്ചു തന്‍ശിരസ്സിലെന്നു നിനച്ചിടുന്ന  നാള്‍ വരും
വിവേകമെന്ന വാഹനത്തില്‍ കയറി നാം ചലിച്ചിടാന്‍  
അറിവുമാത്രമകതളത്തില്‍ അധികമല്ലതോര്ക്കുക
പഠിച്ചിടുന്നു പലതുമങ്ങു ധര്മമാര്ഗമെങ്കിലും
മറന്നിടുന്നു ജീവിതത്തില്‍ പലയിടത്തു നല്‍കുവാന്‍

കഴിച്ചിടുന്നു ഭക്ഷണം പശിതടഞ്ഞു  കേമമായി
സുഖിച്ചിടുന്നു കൂടുതല്‍ മതിവരുന്ന നാള്‍ വരെ
സുഖത്തിനായി വലഞ്ഞിടുന്ന മര്ത്ത്യരുണ്ടനേകവും
പശിയെടുത്തു വയറുചൊട്ടി ദീനഭാവമായൊരാള്‍
പടിയില്‍ വന്നു മുട്ടിനോക്കി കിട്ടുമെന്കിലെന്നയാള്‍
കിട്ടിയില്ലതോട്ടുമേ മുട്ട് കൂട്ടി വിട്ടയാല്‍
എന്നുമവനാര്ത്തിയോടു കൈകള്‍ നീട്ടിനിന്നതോ
എന്നുമവന്‍ പശിയറിഞ്ഞു തന്റെ മുന്നില്‍ നിന്നതോ
കൊടുത്തുമില്ല ഭക്ഷണം പശിയടക്കുവാനഹോ
കൊടുത്തുമില്ല വെള്ളമോ സ്വാന്തനങ്ങളൊന്നുമേ

ഒരിക്കല്‍ തന്റെ ഗര്ജനങ്ങള്‍ ആരുമാരും കേട്ടിടാ -
തൊരുപ്രഭാതമതിലൊരാശ   മതിവരാതെ പോയിടും
ഒരിക്കല്‍ നാം മരണമെന്ന മറുകരയ്ക്ക്‌ പോകണം
ഒരിക്കല്‍ അഹംഭാവമെല്ലാം വെടിഞ്ഞുതന്നെ പോകണം
ഒരിക്കലവനു ശാന്തിപോയി കാന്തിപോയി അന്തിയില്‍
തന്റെ ചെയ്തിയൊക്കെയും പാപഭാരമൊക്കെയും
ഇന്ന് താനതോര്ത്തിടുന്നു ഗദ്ഗദത്തോടല്ലയോ
ഇന്ന് തന്റെ കഷ്ടമായ സ്ഥിതികളവന്‍ കണ്ടതും
ഇന്ന് തന്റെ ചെയ്തിയോര്ത്തു അശ്രുവന്നുപോയതും
ഇന്ന് തന്റെ ആത്മശാന്തി കൈവരിച്ചിടുന്നതും
കഴുകി വൃത്തിയാക്കിയൊരു മനമവനുമൊടുവിലായ്
കണ്ടു സ്വയം മരണമെന്ന മരുകരയ്ക്ക് പോയവന്‍

Monday, April 23, 2012

ബധിരസുന്ദരി


ഒരിടത്തൊരു നല്ല ഉദ്യാനത്തില്‍
എത്രയും സുന്ദര സായമതില്‍ ‍
എന്നും പ്രതീക്ഷതന്‍ പൂവങ്ങറുക്കുവാന്‍
ഒരു പെണ്കിടാവങ്ങവിടെ എത്തും 

കാര്കൂന്തല്‍ തിങ്ങി നിറഞ്ഞ ശിരസ്സിലോ 
മുല്ലപ്പൂമാലയും കോര്ത്തിരുന്നു
മന്തഹസിക്കുന്ന ചെഞ്ചുചുണ്ടില്‍ നിന്നതാ
മന്തഹാസത്തിന്റെ പൂവര്ഷവും
തങ്കത്തിന്‍ നിറമുള്ള ഗാത്രമാണ് 
പനിനീര്‍ പൂവുപോല്‍ അധരങ്ങളും 
പങ്കിലമേശാത്ത  ശാലീന സുന്ദരി
എങ്കിലും ഒരുദുഃഖം എന്നുമുണ്ട്
ശബ്ദത്തിന്‍ ലോകമേ ഇല്ലവള്ക്ക്
ഊമയാമാവള്ക്കെന്നും മൌനദുഃഖം
"നാന്മുഖന്‍ നല്ലൊരു ശില്പ്പിയാണ്
എങ്കിലും ഭാവന ഇല്ലാത്തവന്‍"
എന്നെന്നും അവളുടെ ആത്മഗതം

അകലെ നിന്നൊരുഗാനം ഒഴുകിവന്നു
അകലെ നിന്നോരുകാവ്യം ഒഴുകിവന്നു
ഒരിക്കല്‍  ഞാനൊരു ഗായികയായ്
ഒരിക്കല്‍ ഞാനൊരു കവയിത്രിയായ്
മാലോകരെ ഞാന്‍ ഗന്ധര്വലോകത്തില്‍
എത്തിക്കും എന്നും സുനിസ്ചിതമായി
കാവ്യമാം ഭാവന നല്ല സുമം
എന്നും ഞാന്‍ കേട്ട് കേട്ടാനന്ദിക്കും
ഹാ എത്ര ധന്യമാം തത്വശാസ്ത്രം
എങ്കിലും എങ്ങിനെ? അവള്‍ നിനച്ചു
ഇവയെല്ലാം എന്നുടെ സ്വപ്നമാണ്
പാവമാപെണ്കുട്ടി സ്വയം  നിനച്ചു

ഞാനെന്തിനാകുന്നു സ്വാര്‍ഥമതി
എത്രയോ ബധിരരും കുരുടരുമീ
ലോകത്തിലുന്ടെന്ന സത്യമതില്‍
ഞാന്‍ ആശ്വസിക്കും മൌനമായി

Thursday, April 12, 2012

വിഷുദിനം

നീല മലയും നീലോല്‍പനവും
നീല വാനിന്‍ വിഷുവല്‍സ്ഥിതിയില്‍
നിര്‍മല മോഹന മനസ്സിനുള്ളില്‍
നിര്‍മലമായൊരു, കണിമലരായൊരു
നവമാം നിര്‍വൃതി നല്‍കിക്കൊണ്ടൊരു
വിഷുദിനമങ്ങിനെ വരവായി

ആശകളായിരമലരായി നമ്മുടെ
മലയാളത്തിന്‍ തീരത്തൊരുദിന -
ശാഖകളായൊരു കൊന്നമരത്തില്‍
പൂക്കള്‍ നിറഞ്ഞൊരു പൂങ്കാവനവും
കണികാണുന്ന മനസ്സിന്നൊരുദിന-
ശ്രുഭദിനമവികലമായിട്ടൊരു ശുഭ-
ശുദ്ധി വരുത്തിയെടുക്കാനൊരുഗുണ-
ശുഭ ചിന്തകളില്‍ മുഴികിക്കൊണ്ടൊരു
ശുഭ വസ്ത്രത്തിനുള്ളില്‍ പുതിയൊരു
മനസായുഷസ്സില്‍ കണികാണാനൊരു
ഫലവര്‍ഗങ്ങള്‍, പണവും മേമ്പൊടി
കൊന്നപ്പൂക്കള്‍ ആവലിയായും
സദ്യക്കാണേല്‍ ഗുണവും കൂടിയ
വിഷുവെന്നൊരു ദിനമാഘോഷിക്കാന്‍
നമ്മള്‍ താല്‍പരരാണെന്നറിയുക

പക്ഷികളങ്ങിനെ പാടത്തൊരുദിന-
മുല്ലാസത്തിന്‍ സല്ലാപത്തോ -
ഡാറാട്ടിന്റെ അകമ്പടിപോലൊരു -
നല്ല വെളിച്ചത്താടിപ്പാടി ചലപില -
കൂട്ടി പാടി പാറി നടന്നൊരുദിനവും

ഉത്സവ സമയമതെല്ലായിടവും
ഉണ്മയിലുള്ളോരുന്മാദത്തില്‍
ഉല്‍സാഹത്തിനുമില്ലോരളവും
കൊയ്ത്തിന്‍ പാട്ടും കറ്റക്കെട്ടും
നെല്ലിന്‍മെതിയുടെ നല്ലൊരുദിനവും

കൈനീട്ടത്തിന്നായൊരു ദിനവും
കാഴ്ചയിലാദ്യം പണവും കണ്ടാല്‍
ഒപ്പമൊരീശ്വര രൂപം കണ്ടാല്‍
എന്നും നന്‍മകളാശക്കൊപ്പം
വാഴും നമ്മുടെ വിശ്വാസത്തില്‍

നിര്‍മലചിന്തയിലുള്ളോരു മനവും
ഇന്ദ്രിയ സംസ്കരണത്തിന്‍ വഴിയും
നമ്മള്‍ കാക്കുന്നൊരുനാളാകണം
വിഷുദിനമെന്നതുമറിയുക നമ്മള്‍

Monday, April 9, 2012

ഇഷ്ട ഗാനം



ഒരു നല്ലഗാനം മനസ്സിന്റെ സീമയില്‍
ഒരു രാവില്‍ കേട്ടങ്ങുനര്‍ന്നങ്ങിരുന്നു ഞാന്‍
ആ ഗാനമാരാഗമാനന്ദമേകുന്ന
പല്ലവപ്പരിശോഭയെന്നെന്നുമോര്‍ക്കുന്നു (2 )

ഒരു നല്ല ഭാവം മനസ്സിന്റെ ശാന്തിയില്‍
ഒരുമാത്രയെന്നും സ്മ്രിതിയില്‍ കുറിച്ചു ഞാന്‍
എവിടെയോ പോയിമറഞോരു വാസന്തം
എവിടെയോ പോയിമറഞോരു സൌഭാഗ്യ-
കാലത്തെ ഓര്മിക്കുമാറുള്ള ഭാവങ്ങള്‍
ഓര്‍മതന്‍ചെപ്പു തുറന്നങ്ങു കണ്ടു ഞാന്‍
ചെറുദുഃഖമെന്നും മനസ്സില്‍ മദിക്കുമ്പോള്‍
ഒരു ലതയായി നീ ശിരസ്സില്‍ കുളിര്മയായ്
ഒരു ദീര്‍ഖ നിശ്വാസത്തേരില്‍ ഗമിക്കുമ്പോള്‍
ഒരു മന്ദമാരുത സ്പര്‍ശമായ്ത്തഴുകി നീ
ഒരുനല്ല മാകന്ദക്കനിയുടെ സത്തായി
മധുരിക്കും ഗാനങ്ങള്‍ മനസ്സില്‍ പതിയുമ്പോള്‍
‍എന്നിഷ്ട രാഗങ്ങളെന്നില്‍ ലയിക്കുന്നു

ഒരു നല്ല ഗാനം ഒഴുകിയിങ്ങെത്തുമ്പോള്‍
എന്നുമാഗാനത്തിന്‍ ആനന്ദലഹരിയില്‍
എന്‍മനമെന്നെന്നും കോള്‍മയിര്‍ കൊള്ളുന്നു
രാഗങ്ങളെന്തൊക്കെ ഗാനത്തിന്‍ ഭൂഷണ-
മായിത്തുടരുന്നു ഇന്നുമീ ഭൂമിയില്‍
എന്കിലുമാ പൂര്‍വ ഗാനത്തിന്‍ രാഗങ്ങള്‍
എന്നുമീ മര്‍ത്ത്യന്റെ ശിരസ്സിന്നു ഭൂഷണം
ഏതോ പ്രശാന്തമാം പുഴതന്‍ പുളിനത്തില്‍
ഏതോ നിതാന്തമാം അനര്‍ഗ്ഗള പരിമളം
എന്നുമീ ശിരസ്സിന്നു നിര്‍വൃതിദായകം

ഒരു നല്ല പല്ലവി കര്‍ണത്തിലാനന്ദ-
മേകുന്നൊരാ നല്ല ചരണാവലികളും
പണ്ടത്തെ പാട്ടിന്റെ ഈണവും താളവും
പണ്ടത്തെ ആ നല്ല അര്‍ത്ഥതലങ്ങളും
ആ നല്ല സ്വാധീനമുള്ളോരു ഗാനങ്ങള്‍
അനശ്വര ഗാനങ്ങളായിന്നും വാഴുന്നു
തമസ്സിലേക്കെന്നും പ്രകാശം വിതറുവാന്‍
താപത്തെ വര്ജിച്ചു ശീതീകരിച്ചിടാന്‍
രോഗത്തെ മാറ്റുന്ന ഔഷധമാകുവാന്‍
സംഗീതസാന്ദ്രമാം നിശയില്‍ ലയിക്കുക
രാഗത്തിന്‍ സൌന്ദര്യം മനസ്സില്‍ വരിക്കുക

ഒരു നല്ല ഗാനം മനസ്സിന്റെ സീമയില്‍ .....