Tuesday, April 16, 2013

മരണം ഒരു ചങ്ങാതി

അജ്ഞാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചുവെങ്കിലും 
മൂടിക്കിടക്കും നിനയ്ക്കാത്ത മുറിവുകള്‍ ‍

മരണമേ നിന്നെ ഞാനൊരുനാളില്‍ ‍നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും
കാരിരുമ്പിമ്ബിന്‍റെ കൂര്‍ത്ത മുന പോലെ
മാനസപ്പൊയ്കയില്‍ വന്ന കാലം ‍

കരിമുകിലഖിലമൊരഗ്നിതന്‍ ഗോളമായി
ഹൃദയത്തിനുള്ളില്‍ നിറഞ്ഞൊരിക്കല്‍
നൌകകള്‍ മരിയാനച്ചുഴിയില്‍പെടുംപോലെ  
അകമലരാണ്ടുപോയ് ഭീതിയിങ്കല്‍ ‍

ഉത്കണ്ഠയേറുന്നു, കണ്ഠമിടറുന്നു 
പിണ്ഡമായ് മാറിയെന്‍ ഗാത്രിയെന്നോ 
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലെത്തിയാ 
ക്രുദ്ധനാമശരീരി ഗന്ധര്‍വമെന്നോ

നാളുകള്‍ നീണ്ടുപോയ് കാതങ്ങള്‍ താണ്ടിഞാന്‍
ശീലിച്ചു മരണത്തെ സഹപാഠിയാക്കിടാന്‍ ‍
എങ്കിലും ഭയമെന്ന കൂരമ്പു മൂര്‍ച്ചയാ -
ലെന്‍നെഞ്ചു കുത്തി തുറന്ന കാലം

കടലിലെ തിരമാലയെന്നപോലെന്നാത്മ
സംഘര്‍ഷമോരോന്നുയര്‍ന്നു പൊങ്ങി
സന്താപനാത്മക സന്തിയായെന്നുളില്‍
സുന്ദര സ്വപ്നങ്ങളന്നൊടുങ്ങി

ഉത്കണ്ഠയെല്ലാമൊരുകൊടുങ്കാറ്റ് പോല്‍
ഉള്ളില്‍ കിടന്നലതല്ലുന്ന നേരത്ത്
പതിയെ പതിയെയീ പതിതനാമെന്‍റെയാ
പ്രാണന്റെയുള്ളിലെ ശക്തി കണ്ടു

യുദ്ധങ്ങള്‍ ചെയ്തുചെയ്താ‍ജിച്ചയൂര്‍ജം പോല്‍
സംഘര്‍ഷ യുദ്ധങ്ങളില്ലാതായി
രാക്ഷസനായോരു സത്വമല്ലവനെന്ന്
ചിന്തിച്ചു ചിന്തിച്ചകര്‍ശിതനായി

സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്

അന്ന് തൊട്ടിന്നേവരെയെന്‍റെ ഹൃദയത്തില്‍
മരണത്തിന്‍ ഭയചിന്ത ലവലേശമില്ല
അന്നു തൊട്ടെന്നും ചേതനയോടുള്ള
ഓജസ്സും തേജസ്സും തന്നീടുന്നു ‍

Monday, April 8, 2013

പുകവലി

വിഷമുള്ള പുകയത്,വൃത്തിഹീനത്തിന്റെ 

വിഷച്ചുരുള്‍ വലിച്ചു നാമുല്ലസിക്കും

പുകയുന്ന ലഹരിയില്‍ ചെറുസുഖനിര്‍വൃതി 
നുകരുന്ന ശിരസ്സിലും കറയേറെയുണ്ട് 
നാഡികള്‍ തോറും പുകയുടെ ചുരുളുകള്‍ 
ഓടിക്കളിക്കും വിഷധര നിക്ഷേപമുണ്ട്

പുകവലിയധികമാകുമ്പൊഴോ നമ്മുടെ
നിണമുള്ള കുഴലിന്റെ നിറമങ്ങുപോയി ആ
വിഷമുള്ള കുഴലായിത്തീര്ന്നിടും അറിയാതെ
വിഷണ്ണരായിത്തീര്ന്നു നാം രോഗിയാകും

വിഷമുള്ള പുകയത്,വൃത്തിഹീനത്തിന്റെ 
വിഷച്ചുരുള്‍ വലിച്ചു നാമുല്ലസിക്കും

ആയിരംവിഷമുള്ള പുകയിലപ്പുകമൂലം  
ആയുസ്സ് കുറയുവാനെന്തെളുപ്പം  
വെടിമരുന്നിന്റെ പുകച്ചുരുള്‍ പോലത്
മേലോട്ട് നമ്മെ എടുത്തുകൊള്ളും 

"പുകവലി ആരോഗ്യഹാനികരം" എന്ന
പരസ്യത്തിനെന്തു വിലയാണിന്നു?
പുകയുടെ ചുരുളാകും പാശബന്ധത്താലെ
നമ്മുടെ മനസ്സിന് പാരതന്ത്ര്യം

വിഷമുള്ള പുകയത് വൃത്തിഹീനത്തിന്റെ 
വിഷച്ചുരുള്‍ വലിച്ചു നാമുല്ലസിക്കും

നിറമുള്ള, മണമുള്ള, ചുരുളുള്ള പുകയത്
നിണമെന്നും ഗുണമില്ലാതാക്കുന്ന പുകയത്
ലസിക വറ്റിക്കുന്ന വിഷമുള്ള പുകയത്
നിര്‍വൃതി  നല്കുന്ന സുഖമുള്ള പുകയത്

ശ്വാസകോശത്തിന്റെ സുസ്ഥിര കാന്തിയെ
നിക്കോട്ടിനെന്നോരു വിഷപഥാര്തത്താലെ
അര്‍ബുദ രേഖയിലെത്തിച്ചുകൊണ്ടുള്ള
പുകവലിയെന്നും പ്രയാണം തുടരുന്നു

വിഷമുള്ള പുകയത്,വൃത്തിഹീനത്തിന്റെ 
വിഷച്ചുരുള്‍ വലിച്ചു നാമുല്ലസിക്കും





Thursday, February 28, 2013

രാഷ്ട്രീയ തന്ത്രങ്ങള്‍

പുഞ്ചിരിതൂകിയും കൈകൂപ്പിയും അതാ
നമ്മുടെ നേതാവ് വോട്ടു ചോദിക്കുന്നു

അധികാര പീഠത്തിലേറിയാലോ പിന്നെ
നാട്ടാരെ പാടെ മറന്നങ്ങു പോകുന്നു

ഞാനാണ് രാഷ്ട്രം, ഞാനാണ് സര്‍വവും
ഞാനാണ് നിങ്ങടെ കണ്ണീരൊപ്പുന്നവന്‍

ഞാനാണ് രക്ഷകന്‍, ഞാനാണ് നീതിയും
എന്‍ കൈയിലുണ്ട് ശാന്തിമന്ത്രങ്ങളും

രാഷ്ട്രത്തിനധിപരാം തങ്ങളെന്നുള്ളോരു 
ചിന്തയിലേവം തളിര്‍ക്കുന്നു നിത്യവും

രാഷ്ട്രത്തിന്‍ തന്ത്രം പഠിച്ചവരെന്നുള്ള-
ഹത്തില്‍  തിളങ്ങുന്നവരെന്നുമങിനെ

ധിക്കാരമൊട്ടുമില്ലാത്തൊരു ധിഷ്ണനാ-
ണെന്നു സ്വയം നടിക്കുന്നൊരു നേതാവും

കൈക്കൂലി വാങ്ങുന്നു എങ്കിലും ചൊല്ലുന്നു
ഇല്ലില്ല തെല്ലുമേ വാങ്ങില്ലൊരിക്കലും

കട്ടുമുടിക്കുന്നു ഖജനാവ് നിത്യവും
നില്പ്പതോ കക്കാത്തപോലെയും നിത്യവും

മോഷണം ഭൂഷണമായിത്തിമിര്‍ക്കുന്നു
ഭീഷണിയില്ലവര്ക്കേതുമേ മുന്നിലായ്

മോഷണം കാട്ടിക്കൊടുക്കുന്നവര്‍ നാളെ
ഭൂമിക്കു മേലെയില്ലെന്നതുമോര്‍ക്കണം

ബലാല്‍സംഗത്തിന്റെ ബഹുവിധഭാവം
അഴിമതിയേക്കാള്‍ ബഹുമുഖമായി

ഡല്‍ഹിയും സൂര്യനെല്ലിയും ചേര്‍ന്നതാ
സ്ത്രീ പീഡനത്തിന്‍ കഥകള്‍ തുടരുന്നു

അഴിമതിയിഴ പിഴയാതെ നടത്തും
അധികാരികളുടെ കൂട്ടം രാഷ്ട്രം

രാഷ്ട്രഗധിക്കധിഗുണമാകേണ്ടവര്‍
രാഷ്ട്രത്തിന്‍ ചുടുനിണമൂറ്റിക്കുടിക്കുന്നു

വാഗ്ദാനവര്‌ഷം നല്കിയൊരുദിനം
കനകസിംഹാസനം കൈക്കലാക്കീടുന്നു

പണ്ടൊക്കെ ശിക്ഷക്ക് ശേഷം ഭരിച്ചെങ്കില്‍
ഇന്ന് വരിക്കുന്നു ഭരണശേഷം ജയില്‍ 

എന്നാണ് നമ്മുടെ നാടിന്റെ രക്ഷ
എന്ന് മാറും ഈ രാഷ്ട്രീയ തന്ത്രങ്ങള്‍

Tuesday, February 5, 2013

നഷ്ടസ്വപ്നങ്ങള്‍

മരതക കാന്തിയില്‍ മുങ്ങിക്കുളിച്ചെത്തും
മന്ദനാം മാരുതനെവിടെ

മൂകമായ് നമ്മുടെയുള്ളില്‍ നിറയേണ്ട
മുഗ്ധസ്വപ്നങ്ങളിന്നെവിടെ

എന്നും നാം കേള്‍ക്കുന്ന രോദനങ്ങള്‍ ഹാ
ശാന്തി ഹനിക്കുന്നപോലെ

ശാന്തമായ് നിദ്രയിലെന്നും കഴിഞ്ഞൊരു
നല്ലൊരു നാളുകളെവിടെ

സോദരിമാരുടെ ചാരിത്ര്യസ്വപ്‌നങ്ങള്‍
എന്നും നശിക്കുന്ന പോലെ

ക്ര്യവ്യാദകിങ്കര മര്ത്യരെ വെല്ലുന്ന
കാമപ്പിശാച്ചുക്കളിവിടെ

ഭീതിയില്ലാതെ നടക്കേണ്ട പെണ്‍കൊടി-
മാരുടെയിണ്ടലിന്നേറ്റം

പിഞ്ചിളംപൈതലെ പോലും വിടാത്തൊരീ
കശ്മല ജന്മങ്ങളിവിടെ

പൈതങ്ങള്‍ തന്നുടെ ഹൃദയത്തിനുള്ളിലെ
ഹ്ലാദവുമെവിടെ പോയിന്നു

ഓടിക്കളിച്ചു മദിച്ചു തിമിര്‍ക്കേണ്ട
സുന്ദര യാമങ്ങളെവിടെ

സൂര്യനെ വെല്ലുന്ന കാന്തിയാല്‍ മിന്നേണ്ട
അദ്ധ്യാത്മചൈതന്യമെവിടെ

സന്മാര്‍ഗ ധര്‍മപ്രകാശം പരത്തേണ്ട
യൗവനകുസുമങ്ങളെവിടെ

സ്വാര്‍ത്ഥ ലാഭത്തിനായ് ധര്‍മം വെടിയുന്ന
സ്വാര്‍ഥരാം നരരുണ്ടിവിടെ

ക്രൂരമാം കൊലചെയ്തു താണ്ടവമാടുന്ന
ക്രോധജ ശീലരുണ്ടിവിടെ

ചിത്രവര്‍ണങ്ങളാല്‍  ചിത്തത്തിലെത്തേണ്ട
ഈശ്വര ചൈതന്യമെവിടെ

എല്ലാം വൃഥാവിലായ് നീണ്ടങ്ങുപോകുന്ന
നഷ്ടസ്വപ്നങ്ങളാണിവിടെ

Tuesday, January 15, 2013

ചേരയുടെ കടി

ഒരു ദിനമെന്നുടെ കുട്ടിക്കാലം
അമ്മവിളിച്ചത് കേള്‍ക്കാത്തൊരു ദിനം
പോയീ ഞാനോ തന്നിഷ്ടത്തില്‍
കുറ്റിക്കാട്ടില്‍ പടുവൃക്ഷത്തില്‍
കയറിയിരുന്നൊരു പാട്ടും പാടി
അമ്മെ കേള്‍ക്കാത്തതിനൊരു കൂലി
ഉടനെ കിട്ടി മറുപടിയായി

കണ്ണിന്നതിശയമാകും വിധമൊരു
ചേരത്തണ്ടന്‍  ഇഴയുന്നവിടെ
താഴെ കുറ്റിക്കാട്ടിലിരുന്നൊരു
വലിയൊരുചേര ഫണീന്ദ്രന്‍ പോലെ
"നിന്നെ ചുറ്റി വലിഞ്ഞു മുറുക്കി
വാല്‍തുമ്പൊന്നു ചെവിയില്‍ കുത്തും"
എന്നകണക്കിനു കയറുന്നവനും

ഞാനോ ഒന്നും അറിയാത്തവനായ്
മോഹന കവിതകളൊക്കെ പാടി
മായികലോക ചുഴിയില്‍ വീണു
സമയമതങ്ങു  കൊഴിഞ്ഞത് ലേശം
അറിഞ്ഞൊരുനിമിഷം ഞെട്ടിയുണര്‍ന്നു

അമ്മെ ഓര്‍ത്ത്‌ തിരിയും നേരം
കൊമ്പില്‍ കൈയ്യങ്ങമരും നേരം
നോക്കൂ ഹാ ഒരു ചേരത്തണ്ടന്‍
കടിച്ചുവലിക്കുന്നയ്യോ കയ്യില്‍ !
"ഞാനൊരു കേമന്‍ ചെരത്തണ്ടന്‍
നിന്നെ ചുറ്റി വലിഞ്ഞു മുറുക്കി
വാല്‍തുമ്പൊന്നു ചെവിയില്‍ കുത്തും"
എന്നത് സത്യം ചേരകളെങ്കില്‍
എന്നാലിവിടോ കടി തന്നവനും !
പ്രാണനിലൊരുതരി ഭയവും വന്നത്
ഞാനറിയുന്നൊരു നിമിഷത്തില്‍ ഹോ
കുടഞ്ഞുകളഞ്ഞതു പൊയീടാനായ്
ചുറ്റി വലിഞ്ഞൊരു വൃക്ഷത്തില്‍ നി-
ന്നേറ്റം വേഗം പിടിവിട്ടവനോ
താഴത്തങ്ങിനെ വീഴുന്നത് ഞാന്‍
കണ്ടൊരു നേരം ആശ്വാസത്തില്‍ !
ചോരയോലിച്ചൊരു കയ്യാലെ ഞാന്‍
എത്തിയ നേരം വീട്ടു പറമ്പില്‍
കുട്ടികളാര്‍ത്ത് കളിക്കും നേരം
കുട്ടികളാവലി കണ്ട ക്ഷണത്തില്‍
അമ്മയുമോടീ എത്തീ തുണിയില്‍
കെട്ടിമുറുക്കിയ കയ്യാലെ അവര്‍
എന്നെനയിച്ചു വൈദ്യന്നരുകില്‍

കേട്ടവര്‍ കേട്ടവര്‍ അതിശയമൊടെ
ചോദ്യങ്ങള്‍ക്കൊരു വര്ഷം തന്നെ
"ചേരകള്‍ചുറ്റി വലിഞ്ഞു മുറുക്കും
കടിക്കില്ലവകള്‍ മനുഷ്യരെയൊന്നും
എങ്കിലുമെങ്ങിനെ കടി കൊണ്ടിവിടെ?

പിടിച്ചു കൊണ്ടിങ്ങു വരണ്ടെയവനെ?
ചേരയാണെന്നുറപ്പുണ്ടോ കുഞ്ഞേ?
വൈദ്യന്‍ ചോദിച്ചെന്നോടായി
അതെയെന്നുറപ്പു  പറഞ്ഞൂ ഞാനും
ചേരക്ക് വിഷമില്ലെന്നറിയും ഞാനോ
പേടിയില്ലാതിരുന്നൊരു സമയം
കണ്ടതാ അമ്മതന്‍ അശ്രുകണങ്ങള്‍.


(ഇത് എന്റെ ജീവിതത്തില്‍ കുട്ടിക്കാലത്ത് നടന്ന സംഭവം തന്നെയാണ്)

Thursday, December 13, 2012

കാനനക്കാഴ്ചകള്‍

കാനനത്തിലൊരു ദിനത്തിലെത്തിയപ്പോളവിടെയാ  
കാഴ്ചകളോ അതിമനോഹരങ്ങളായി തോന്നിയീ-
മനമവിടെയതിലലിഞ്ഞു നയനസുഖം തന്നതും
ഓര്‍ത്ത്‌ വന്ന കഥകളിതാ നല്കിടുന്നതിവിടെയും

അകിലുമത്തിയരണമരം അമ്പഴവും പിന്നെയോ
കാട്ടുകോഴി കാലിമുണ്ടി കൊക്ക് കൂമനെന്നിവര്‍
കൂട്ടത്തോടെ ആനകളും  കാനനത്തില്‍ കണ്ടതും

ആഞ്ഞിലിയും ആറ്റുതേക്ക് ആറ്റുവഞ്ചിയിത്തിയും
കാട്ടുകൊന്ന കാട്ടുപുന്ന കാട്ടുചെമ്പകത്തിനെ
നോക്കിയങ്ങിരുന്ന നേരം കണ്ടു മാതളിത്തിനെ
കാട്ടുകവുക് കരിമരുത് കശുമാവ് കരിങ്ങാലിയും
പാരിജാതം പവിഴമല്ലി പൂവരശു പെരുമരം
കണ്ടു ഹരിതകത്തിനോട് നന്ദിയോടിരുന്നതും
ആത്തച്ചക്ക തിന്നുവാനായാത്തയെത്തിരഞ്ഞതും
ആഞ്ഞിലിതന്‍ ചക്കയൊന്നുമുന്നിലായി വീണതും
മാവ്പൂത്തു പൂക്കള്‍പോലെ  മാതളത്തിനരികിലും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍ 

കാട്ടുവഴിയിലൂടെയെത്തിനോക്കി ഗോഷ്ടികാട്ടവേ
മുണ്ടി ചാരമുണ്ടി മൈന മണ്ണാത്തിപക്ഷിയെന്നിവര്‍
ചാരെ വന്നു തീഷ്ണമായി നോക്കിയങ്ങുപോകവേ
കണ്ടുമയില്‍  ഹ്ലാദമോടെ  പീലിനീര്‍ത്തി നിന്നതും
കാട്ടുകുളക്കോഴിയൊന്നു കൂട്ടു കൂടാനെത്തവേ
കുരുവിയെവിടെയെന്നു പരതിയെന്‍മനവുമിടറവേ
കണ്ടുകുരുവി ആവലിയായരികിലെത്തി നോട്ടവും
എന്റെയിഷ്ടപക്ഷിയായ തത്തയെത്തിരഞ്ഞതും
തത്ത പേരത്തത്ത  എല്ലാം  കൂട്ടമായ്പ്പറന്നതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍ 

കാട്ടരുവി ഒഴുകിയൊഴുകി കള കളാരവത്തിലും
കാട്ടുപന്നി കുറുനരിയും കടുവ പുലിയെന്നിവ
കാട്ടുപൂച്ച കായ്കനികള്‍ തിന്നു തിന്നലഞ്ഞതും
വനരാജനായ സിംഹമെത്തിയിണ്ടലേകിപോയതും
കാട്ടുവെരുക് മുരടനക്കി കീരിയുടെ അരികിലും
കീരികണ്ട കാട്ടുപാമ്പ് പാഞ്ഞുപോയ നേരവും 
അണ്ണാനാട്ടെ ചില്ലയിലാടി കീ കീ കീ കീ പാടിയതും
കാട്ടുതേളിന്‍ ‍ഗമനപാത കണ്ട കൌതുകത്തിലും
കാട്ടുകുളം നടുവിലൊരു താമരപ്പൂ കണ്ടതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍

Thursday, December 6, 2012

അമ്മയും കത്തുകളും

ഒരുചിന്ത വന്നുപോയി ഗതകാലസ്മരണയില്‍           
ഒരുകത്ത് പഴയതു വായിച്ചാ നിമിഷത്തില്‍  (2)

മനസ്സിന്റെ നിറമല്ലോ അക്ഷരക്കൂട്ടത്തില്‍
വായിച്ചതെല്ലാം ഞാന്‍ തൊട്ടറിഞെന്നപോല്‍

ഓര്‍മ്മകള്‍ പുറകോട്ടുകൊണ്ടുപോയാ നല്ല
കത്തെഴുത്തെന്‍ചിത്ത ശീലമാം നാളുകള്‍ 
 
ഓര്‍മ്മയിലായിരം സ്വപ്‌നങ്ങള്‍, ചിന്തകള്‍ 
വന്നുപോകുന്ന സായമാം സന്ധ്യകള്‍

അമ്മയ്ക്ക് കത്ത് വിട്ടില്ലെങ്കിലെന്‍മനം
അമ്മതന്നോര്മ്മയിലാര്‍ന്നുപോകുന്നു ഹാ!

അമ്മയ്ക്ക് പൈസവേണ്ടോരുനല്ല കത്താണ്
അമ്മയ്ക്ക് വേണ്ടതെന്നെന്നുമെന്നോടമ്മ

ഒരു കത്ത് കണ്ടില്ലേലമ്മ കരയുമെ-
ന്നെന്‍മനം കേഴുന്ന രജനീ ദിനങ്ങളും

ഏവം ഞാനോര്‍ക്കുമ്പോള്‍ മനസ്സു പിടയുന്ന
എത്രയോ നിമിഷങ്ങള്‍ പോയ്മറഞ്ഞങ്ങിനെ

ഇല്ല ഞാന്‍ നിര്‍ത്തുകില്ലീ എഴുത്തെന്റെയീ
മനതാരിലാകെ പടര്‍ന്ന സ്നേഹാംബയ്ക്ക്

മാസത്തില്‍ നാലു കത്തെന്ന കണക്കിന് 
എഴുതുമായിരുന്നോരു നാളുകളോര്‍ത്തുപോയ്‌

ഒരു നല്ല മരതകക്കനിപോലെ സൂക്ഷിച്ചു ഞാ-
നമ്മതന്‍ കത്തുകള്‍ എന്റെ മേശക്കുള്ളില്‍

അക്ഷരം നല്ലതല്ലെന്കിലുമാ ഹൃത്ത്
കാണുന്നഞാന്‍കാണും അര്ഥമോ പൂര്‍ണമായ്

അമ്മയോ പോയ്മറഞ്ഞെന്കിലുമാ നല്ല
കത്തിന്റെ രൂപത്തില്‍ അമ്മ ജീവിക്കുന്നു

എന്നും ഞാന്‍ നോക്കിയിരിക്കുമാ കത്തില്‍
എന്നുമാ മാതാവിന്‍ തലോടലേറ്റീട്ടീടുവാന്‍ 

മക്കള്‍ നാമൊരിക്കലും മറക്കല്ലേ അമ്മയെ
എന്നുമാ മാതാവ് മാലാഖയാണോര്ക്കുക

ഒരു ചിന്ത വന്നുപോയി ഗതകാലസ്മരണയില്‍
ഒരു കത്ത് പഴയതു വായിച്ചാ നിമിഷത്തില്‍