Wednesday, October 16, 2013

അസ്ഥിപഞ്ജരം

ഇന്ന് (17th Oct.) ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനമാണ്. ഇത് ആഫ്രിക്കൻ പട്ടിണി മരണങ്ങളെ
കുറിച്ചുള്ളൊരു കവിതയാണ്. നാമറിയാത്ത എത്രയോ രാജ്യങ്ങൾ (ഉദാ: സിയറലിയോൺ, ബുറുണ്ടി, എത്യോപ്യ, സോമാലിയ മുതലായവ). അവിടുത്തെ ജനങ്ങൾ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ മരിക്കുന്നു. അതു നോക്കുമ്പോൾ നാം വളരെ ഭാഗ്യവാന്മാരാണ്. എല്ലും തോലുമായ കുഞ്ഞുങ്ങൾ. ആരുടേയും ഹൃദയം തകർക്കുന്ന കാഴ്ച്ചകൾ... ജനതയ്ക്കു വേണ്ടി കവിത സമർപ്പിക്കുന്നു.
 


അസ്ഥിപഞ്ജരം

ഇരുണ്ട ഭൂഖണ്ഡമിവിടെചിലരാജ്യങ്ങ- 
ളുണ്ടു നാം കാണാത്ത കാഴ്ച്ചയോടെ 
കാടുണ്ടരുവിയുണ്ടിവിടെയീഭൂമിയിൽ 
കാട്ടാനതൻ ഭയാവഹഗമനമുണ്ട് 
നീണ്ടു കിടക്കുന്ന ഭൂഖണ്ഡമാണിതു
നീളെയീ നൈലിന്റെ പുളിനമുണ്ട് 
നിരെ നിരെ രാജ്യങ്ങളുണ്ടിവിടെങ്കിലും
വൃദ്ധിയിൽ കഷ്ടിയാണെല്ലായിടവും 
പണമില്ല, ജിജ്ഞാസയില്ലിവിടാർക്കുമേ 
പുറംരാജ്യമായ് ബന്ധമോ കഷ്ടിയാണു 

ജീവൻ നിലനിർത്താൻ ഭക്ഷണംകിട്ടാത്ത
ഹതഭാഗ്യരായൊരു മനുഷ്യർ ഞങ്ങൾ 
ഞങ്ങൾ പൈതങ്ങളോ ജനിച്ചുപോയീമണ്ണിൽ 
ഞങ്ങൾക്കു കയ്യുണ്ടു കാലുണ്ടു ശക്തിയില്ല 
എല്ലുണ്ടു പല്ലുണ്ടു മുടിയുണ്ടു പക്ഷെ 
മാംസത്തിലോ മജ്ജതൻ ചോരയില്ല 
പശിയുടെ മടിയിൽ കിടന്നുറങ്ങുന്നൊരീ
പൈതങ്ങൾ ഞങ്ങൾക്കു പാലുമില്ല 
ഹ്ലാദമോടെന്നും കളിക്കേണ്ട കാലുകൾ- 
ക്കാവതില്ലാർത്തുല്ലസിച്ചീടുവാൻ 
പാമ്പു കണക്കിനിഴയുമീദേഹിയിൽ 
ഒരു കുഞ്ഞു മാനസപ്പൈതലുണ്ട് 
അസ്ഥികൂടത്തിൻ ശവദാഹമെന്നപോൽ 
എൻദേഹി വീണുപോയ് ഭൂമിതന്നിൽ

അസ്ഥിയാണിക്കൂട്ടിലറിയുക സോദരാ 
അലിവിനായെൻമനം ദാഹിച്ചിടുന്നിതാ 

പെരുകുന്ന പട്ടിണി, ഉരുകുന്ന മനസ്സുകൾ 
തെരുവിലായ് കാണുന്നു മനുഷ്യപിണ്ഡങ്ങളോ!
മൃതമായതാണോ ശങ്ക വന്നീടുന്നു !
കഴുകനോ ആർത്തിപിടിച്ചു പറക്കുന്നു ! 
മാംസാദനത്തിൻ കൊതിപൂണ്ടുനിന്നതാ 
മാംസമതൊന്നങ്ങു കൊത്തിവലിക്കുന്നു 
കരളിലൊരിരുളു കവിഞ്ഞു പെരുക്കുന്നു
ചത്തശവംപോൽ ശയിക്കുന്ന ദേഹിയിൽ 
നല്ലൊരു വേഴാമ്പൽ ഹൃദയം തുടിക്കുന്നു 
കണ്ടാലാർക്കും കരളു തകർത്തു പകുത്തു 
തരുന്നൊരാവേദനയും, ഉറവകൾ പോലെ 

എവിടെ മനുഷ്യദൈവങ്ങൾ ഞാൻ നോക്കി
എവിടെ അമ്മദൈവങ്ങൾ, പരതി ഞാൻ 
എന്നെ രക്ഷിക്കുവാൻ വരുമോയീ ദൈവങ്ങൾ 
ഇല്ലില്ല ഞാൻ മണ്ണിൽ ലയിക്കുമിപ്പോൾ 

അസ്ഥിയാണിക്കൂട്ടിലറിയുക സോദരാ 
അലിവിനായെൻമനം ദാഹിച്ചിടുന്നിതാ 

ധനികനാമൊരു കുഞ്ഞിനരുമയാം കൊഞ്ചലോ
കേൾക്കുവാനാളുണ്ടാഹ്ലാദമുണ്ട് 
കരയുമ്പോൾ പലരുണ്ടു ശ്രദ്ധയിൽ കുഞ്ഞിനു 
വേണ്ടുന്നതെന്തും കൊടുത്തീടുവാൻ 
വേണ്ടാത്ത കുഞ്ഞിൽ കുത്തിനിറയ്ക്കുന്നു 
പാലും പഴങ്ങളും പാൽപ്പായസോം 
പട്ടിക്കുനൽകുന്നു മൃഷ്ടാന്നഭോജന-
മെങ്കിലുമീയസ്ഥിപഞ്ജരക്കൂടായ 
മാമക ഗാത്രമോ കാണില്ല മാനുഷർ 

അസ്ഥിയാണിക്കൂട്ടിലറിയുക സോദരാ 
അലിവിനായെൻ മനം ദാഹിച്ചിടുന്നിതാ 

ഭൂമിയിങ്കൽ പണം കൂട്ടിയൊരുവശം 
പണം കൂട്ടിവയ്ച്ചാൽ ചന്ദ്രനിലെത്തുന്ന 
അവനിയിലംബരചുംബികൾ തീർക്കുന്ന 
ഐഹിക ചാപല്യമാസ്വദിച്ചാറാടി
പണമെറിഞ്ഞമ്മാനമാടിക്കളിക്കുന്ന
നാകമീ മണ്ണിൽ തീർക്കാൻ കൊതിക്കുന്ന 
ഈശ്വരന്മാരേ നോക്കുമോ നിങ്ങളാ 
കരുണയ്ക്കു വേണ്ടിക്കൊതിച്ചിരിക്കുന്നൊരാ 
പട്ടിണിക്കോലത്തെയൊരുമാത്രയെങ്കിലും 

മന്നുക പ്രഭുവേ നിങ്ങടെ മനസ്സിൽ 
മനസ്സാക്ഷിക്കൊരു ചെറുപുര കെട്ടി 
മധുരം കിനിയും സ്നേഹം നൽകാം 

അസ്ഥിയാണിക്കൂട്ടിലറിയുക സോദരാ 
അലിവിനായെൻ മനം ദാഹിച്ചിടുന്നിതാ 

‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------

മാംസാദനം = മാംസം ഭക്ഷിക്കൽ 
ഭയാവഹം = ഭയമുണ്ടാക്കുന്ന 
മന്നുക = സ്ഥിരപരിശ്രമം ചെയ്യുക 
ഗമനം = സഞ്ചാരം 
നാകം = സ്വർഗം

Monday, September 16, 2013

മാവേലിമന്നന്റെ സ്നേഹം

ഓണനിലാവിൽ ഊഞ്ഞാലാടുമ്പോൾ 

ഒർമയിലെത്തുന്നു മാവേലിമന്നൻ 

അകമലരുള്ളിലെ കണിവിളക്കായെന്നും 
മലരണിമൃദുതമമായ് കിനാക്കൾ

മാലോകരുള്ളിലെന്താനന്ദമായതാ
മാവേലിമന്നന്റെ പേരുപോലും

അസുരന്റെജന്മമെടുത്തുപോയാമന്നൻ
അസുരനെന്നവനെ വിളിച്ചീടുന്നു

എങ്കിലുമീനമ്മളറിയുന്നവന്റെയാ
അസുലഭസുരഭിലമായ കാലം 

ഒരുസ്വർഗ്ഗസുന്ദരനാടിനെ സ്വപ്നത്തി-
ലവനെന്നും കണ്ടു പുളകിതനായ്

നിസ്വാർത്ഥചിത്തപ്രതീകമായാ രാജൻ  
നാളതാർ നാടിനു നൽകിയെന്നും 

പൂങ്കാവനത്തിലെ പൂങ്കുയിൽതൻ നാദം
എവർക്കുമാനന്ദം നല്കും പോലെ

പൂണാരപൂജനീയന്റെയാ സ്നേഹമോ
പാവം ജനങ്ങൾക്കു നൽകിയെന്നും

അമ്മയ്ക്കുതന്മക്കളെന്നപോലെന്നുമാ
മന്നൻ പ്രജകളെ പോറ്റി വന്നു

ഇന്നെത്ര ഓണത്തിൻ സധ്യയുന്ടെങ്കിലും
ഒരു നഷ്ടമെന്നും നാമോർക്കവേണം

ഒരു നല്ലരാജനാ മാവേലി പോലിന്നു
നാടിനു കിട്ടുമോ സ്വപ്നം മാത്രം

മാനുഷരെല്ലാരു മൊന്നാകണമെന്നു
മാവേലി മന്നന്റെ സ്വപ്നമല്ലോ

മതമല്ല ജാതിയല്ലിഹലോകജീവിത
സ്നേഹത്തെയൂട്ടി വളർത്ത വേണം

സുന്ദര സങ്കൽപ്പലോകത്തെ കണ്ടയാ
മാവേലിത്തമ്പുരാൻ വാഴ്ക വാഴ്ക




മൃദുതമം  = അതിമൃതുവായത്‌
നാളതാർ  = താമര

പൂണാരം  = എല്ലാവർക്കും അലങ്കാരമായ വ്യക്തി 

Saturday, September 7, 2013

സാക്ഷരത

ഇന്ന് (8-9-13) ലോക സാക്ഷരതാദിനം. അറിവില്ലാത്ത ആയിരങ്ങൾക്ക് അറിവ് കൊടുക്കാൻ നമ്മളാലാകും വിധം നമുക്ക് പരിശ്രമിക്കാം.

സാക്ഷരത

അറിവുകൊടുത്താലറിവു ലഭിക്കും  
അറിയാവുന്നൊരു ശാസ്ത്രീയതയിൽ
യുക്തിയുമുണ്ടെന്നറിയുന്നെങ്കിൽ
പകരുക മനുഷ്യാ നിസ്സ്വാർത്ഥതയിൽ
പാമരശിരസ്സിൽ പുതുമഴയായി

നമ്മുടെയുള്ളിലെ ജ്ഞാനത്തെ നാം
അറിയുക താപസ മാനസമോടെ
അർക്കൻ നല്കുന്നേവർക്കും തവ 
തപമെന്നതുപോൽ നാമും നൽകുക 
അറിവുകൾ നമ്മുടെയനുജന്മാർക്കും

കുഞ്ഞുമനസ്സിൻ ആകാംഷയെ നാം
നിറയ്ക്കുകയറിവിൻവിത്തം നൽകി
ഒരുനല്ലകമലറിവുലഭിക്കാൻ
വേഴാമ്പലുപോൽ ദാഹിക്കുമ്പോൾ
നൽകുകനാമതു നിസ്സ്വാർതതയിൽ