Thursday, September 27, 2012

ശൈശവ മാനസം

ശിശുവിന്‍ ഹൃദയം സ്വര്‍ഗ്ഗതുല്യം
ശൈശവ പുഞ്ചിരി പാല്‍പുഞ്ചിരി
നിദ്രയില്‍ കുഞ്ഞതാ പുഞ്ചിരിതൂകുന്നു
സുന്ദരമോഹന സ്വപ്നം കാണുന്നൊരു
മാനസം കൊണ്ടൊരു കളിവീടൊരുക്കിയാ
പിഞ്ചു മനസ്സുകള്‍ ആനന്ദിക്കും

പനിനീര്‍പൂവിന്റെ ചാരുതയോടെ
പൂന്തേനരുവിതന്‍ ശാന്തതയോടെ
പൂമലര്‍ വാടിതന്‍ ശോഭയോടെ
പുത്തനുണര്‍വിന്റെ കാന്തിയോടെ
സൂര്യനെ വെല്ലും പ്രഭയാര്‍ന്നിതാ
ഒരു കുഞ്ഞു മുത്തിന്റെ പാല്‍പുഞ്ചിരി

നല്ലൊരു സ്വര്‍ഗത്തിന്‍ താക്കോലത്ത്
ഹാ നല്ല ഉദ്യാന വാതിലത്
എത്രയോ നിര്‍വൃതി നല്‍കുമാ പുഞ്ചിരി
എത്രനാളമ്മയ്ക്ക് കാണാനാക്കും
എത്രയോ സന്തോഷമുള്ളില്‍ തുടിക്കുന്ന
ഓമന മുത്തു വളര്‍ന്നീടുമ്പോള്‍
എവിടെയോ  മറയുന്നാ സൌന്ദര്യവും

മാധുര്യമേറുന്ന മന്ദാരമലരായ്
മാനസ വീണയില്‍ വന്നീടുക
എന്നെന്നും മണ്ണിനാ നന്ദനം നല്‍കുന്ന
നാക വിളക്കിന്‍ പ്രഭയോടെ നീ
പുഞ്ചിരി തൂകും മുഖത്തോടെ നീ
എന്നെന്നും ഞങ്ങള്‍ക്ക് സ്വര്‍ഗമേകൂ
  

Friday, September 21, 2012

ജ്ഞാനം

ജ്ഞാനപ്രകാശത്തെ തേടി ഞാനീ  
മണ്ണിലലയും മരിക്കുവോളം

ജ്ഞാനമല്ലറിവെന്നറിവിലേക്കീ
ഞാനെന്‍ മനസ്സിനെ കൊണ്ടുപോകും

എത്രയേറെപഠിച്ചുപോയ്‌  ഞാന്‍
എത്രയേറെയഹത്തില്‍ കുളിച്ചു ഞാന്‍

എന്നിലെ ഞാനെന്ന ഗര്വിനെ ഞാന്‍
എന്നേക്കുമായി കുഴിച്ചു മൂടും

പഠിച്ചു പഠിച്ചു നാം പണ്ഡിതരായ്
പാഠങ്ങളെല്ലാം ഹൃദിസ്ഥമാക്കി

എങ്കിലും ജ്ഞാനമേ നിന്നെ മാത്രം
അകതാരില്‍ കണ്ടില്ല നിര്ണയമായ്

വിവേകത്തില്‍ ബുദ്ധിയെ തൊട്ടുണര്ത്തി
അഹമെന്ന ഭാവം വെടിയണം നാം

പണ്ടിതനായൊരു ജ്യേഷ്ടനവന്‍
വിനീതനായൊരു വിവേകിയവന്‍

അഹമൊട്ടുമില്ലേലവന്‍തന്നെയാ-
ജ്ഞാനിയെന്നുള്ളതു നിസ്സംശയം

Monday, September 10, 2012

എന്തിനാണമ്മ കരഞ്ഞത്

ഒരു സന്ധ്യയാകുന്ന യാമമതില്‍
കണ്ണീര്‍ തുടച്ചു കൊണ്ടേകനായി
നാളെയെ ഓര്‍ക്കും മനതാരിലോ  -
ഒരുകൊച്ചു സ്വപ്നം ഞാന്കണ്ടിരുന്നു

ഒരു കുഞ്ഞു കാറ്റ് വന്നെന്റെയുള്ളില്‍
കുളിരേകി കനിവേകി സ്വാന്തനമായ്
എങ്കിലും പിന്നെയും ഓര്‍ത്തുപോയി
എന്തിനാണമ്മ കരഞ്ഞതെന്ന്


അങ്ങേതൊടിയിലെ വേലിയിലായ്
കാണും തപസ്സിതന്‍ ഞെട്ടറുത്തും
കൊഴുപ്പയും, കുപ്പചീരയില
കൊണ്ടൊരു കറി വെച്ചൂട്ടിയതും


മുറ്റമടിച്ചു വെടിപ്പാക്കിയും
കാലികള്ക്കെന്നുമാ  പുല്ലറുത്തും
പൈതങ്ങള്ക്കെന്നും ചോറുവെച്ചും
നിദ്രയെപുല്കി നിശാവേളയില്‍
  
കയ്യോന്നി തേടിയലഞ്ഞ നേരം
കുറുന്തോട്ടി, തഴുതാമ കിട്ടിയപ്പോള്‍
നല്ലോരെണ്ണ മുറുക്കിയതും
ഓര്‍ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി

പാട വരമ്പിലെ പുല്മേടയില്‍
അമ്മക്കൊരത്താണി ആയ കാലം
അമ്മതന്‍ കണ്ണീര്‍ തുടച്ചനാളും
എന്നുമെന്‍ ഓര്‍മയില്‍ ഓടിയെത്തും

തിണ്ണയില്‍ വന്നിരിക്കും വേളയില്‍
നാലും കൂട്ടി മുറുക്കുന്ന നേരത്ത്
എത്രയോ സന്തോഷം കാണുമാകണ്‍കളില്‍
കനിവിന്റെ നിറകുടമാകുമാ കണ്‍കളില്‍
  
എങ്കിലും മനതാരിലതിരില്ലാ ചോദ്യമായ്
മാമക മാതാവിന്‍ കണ്ണുനീര്‍ കാണുമ്പോള്‍
എന്തിനോ വേണ്ടി കരഞ്ഞല്ലോ അമ്മയെ-
ന്നോര്ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി 

Wednesday, September 5, 2012

വന്നു നീ

ഒരു ചെറുമഞ്ഞിന്‍ കുളിരുമായി
വന്നു നീയെന്‍ ജീവനാം വേനലില്‍
ഒരു ചെറുചോല പാട്ടു പോലെ
വന്നു നീയെന്‍ സ്മ്രിതിയിലാകെ
ഒരു ചെറുമയില്‍ പേടപോലെ
വന്നു നീയെന്‍ മന്‍മരക്കൊമ്പില്‍
ഒരു പൂര്‍ണചന്ദ്ര പൊന്നൊളിയായി 
വന്നു നീയെന്‍ ജീവ വീഥിയില്‍
ഒരു വസന്തത്തിന്‍ പൂവാടിയായി
വന്നു നീയെന്‍ അങ്കണങ്ങളില്‍
ഒരു വിളവുകൊയ്യും വയലുപോലെ
വന്നു നീയെന്‍ പ്രതീക്ഷയായി
ഒരു ചെറുകാറ്റിന്‍ പൂമണമായി
വന്നു നീയെന്‍ ശ്വാസനാളിയില്‍
ഒരു പുണ്യം കണ്‍നിറക്കാഴ്ചായി
വന്നു നീയെന്‍ അക്ഷിമുമ്പാകെ
ഒരു ഗാനാമൃതം തേനൊലിയായി
വന്നു നീയെന്‍ കര്‍ണത്തിലും
ഒരു മധുവിന്‍ മാധുര്യമായി
വന്നു നീയെന്‍ നാവില്‍ നിറയെ
ഒരു വര്‍ണ്യ സ്പര്ശാനുഭൂതിയായി
വന്നുരുമ്മി നിന്നു നീയെന്നെ