Monday, September 16, 2013

മാവേലിമന്നന്റെ സ്നേഹം

ഓണനിലാവിൽ ഊഞ്ഞാലാടുമ്പോൾ 

ഒർമയിലെത്തുന്നു മാവേലിമന്നൻ 

അകമലരുള്ളിലെ കണിവിളക്കായെന്നും 
മലരണിമൃദുതമമായ് കിനാക്കൾ

മാലോകരുള്ളിലെന്താനന്ദമായതാ
മാവേലിമന്നന്റെ പേരുപോലും

അസുരന്റെജന്മമെടുത്തുപോയാമന്നൻ
അസുരനെന്നവനെ വിളിച്ചീടുന്നു

എങ്കിലുമീനമ്മളറിയുന്നവന്റെയാ
അസുലഭസുരഭിലമായ കാലം 

ഒരുസ്വർഗ്ഗസുന്ദരനാടിനെ സ്വപ്നത്തി-
ലവനെന്നും കണ്ടു പുളകിതനായ്

നിസ്വാർത്ഥചിത്തപ്രതീകമായാ രാജൻ  
നാളതാർ നാടിനു നൽകിയെന്നും 

പൂങ്കാവനത്തിലെ പൂങ്കുയിൽതൻ നാദം
എവർക്കുമാനന്ദം നല്കും പോലെ

പൂണാരപൂജനീയന്റെയാ സ്നേഹമോ
പാവം ജനങ്ങൾക്കു നൽകിയെന്നും

അമ്മയ്ക്കുതന്മക്കളെന്നപോലെന്നുമാ
മന്നൻ പ്രജകളെ പോറ്റി വന്നു

ഇന്നെത്ര ഓണത്തിൻ സധ്യയുന്ടെങ്കിലും
ഒരു നഷ്ടമെന്നും നാമോർക്കവേണം

ഒരു നല്ലരാജനാ മാവേലി പോലിന്നു
നാടിനു കിട്ടുമോ സ്വപ്നം മാത്രം

മാനുഷരെല്ലാരു മൊന്നാകണമെന്നു
മാവേലി മന്നന്റെ സ്വപ്നമല്ലോ

മതമല്ല ജാതിയല്ലിഹലോകജീവിത
സ്നേഹത്തെയൂട്ടി വളർത്ത വേണം

സുന്ദര സങ്കൽപ്പലോകത്തെ കണ്ടയാ
മാവേലിത്തമ്പുരാൻ വാഴ്ക വാഴ്ക




മൃദുതമം  = അതിമൃതുവായത്‌
നാളതാർ  = താമര

പൂണാരം  = എല്ലാവർക്കും അലങ്കാരമായ വ്യക്തി 

Saturday, September 7, 2013

സാക്ഷരത

ഇന്ന് (8-9-13) ലോക സാക്ഷരതാദിനം. അറിവില്ലാത്ത ആയിരങ്ങൾക്ക് അറിവ് കൊടുക്കാൻ നമ്മളാലാകും വിധം നമുക്ക് പരിശ്രമിക്കാം.

സാക്ഷരത

അറിവുകൊടുത്താലറിവു ലഭിക്കും  
അറിയാവുന്നൊരു ശാസ്ത്രീയതയിൽ
യുക്തിയുമുണ്ടെന്നറിയുന്നെങ്കിൽ
പകരുക മനുഷ്യാ നിസ്സ്വാർത്ഥതയിൽ
പാമരശിരസ്സിൽ പുതുമഴയായി

നമ്മുടെയുള്ളിലെ ജ്ഞാനത്തെ നാം
അറിയുക താപസ മാനസമോടെ
അർക്കൻ നല്കുന്നേവർക്കും തവ 
തപമെന്നതുപോൽ നാമും നൽകുക 
അറിവുകൾ നമ്മുടെയനുജന്മാർക്കും

കുഞ്ഞുമനസ്സിൻ ആകാംഷയെ നാം
നിറയ്ക്കുകയറിവിൻവിത്തം നൽകി
ഒരുനല്ലകമലറിവുലഭിക്കാൻ
വേഴാമ്പലുപോൽ ദാഹിക്കുമ്പോൾ
നൽകുകനാമതു നിസ്സ്വാർതതയിൽ