Thursday, February 28, 2013

രാഷ്ട്രീയ തന്ത്രങ്ങള്‍

പുഞ്ചിരിതൂകിയും കൈകൂപ്പിയും അതാ
നമ്മുടെ നേതാവ് വോട്ടു ചോദിക്കുന്നു

അധികാര പീഠത്തിലേറിയാലോ പിന്നെ
നാട്ടാരെ പാടെ മറന്നങ്ങു പോകുന്നു

ഞാനാണ് രാഷ്ട്രം, ഞാനാണ് സര്‍വവും
ഞാനാണ് നിങ്ങടെ കണ്ണീരൊപ്പുന്നവന്‍

ഞാനാണ് രക്ഷകന്‍, ഞാനാണ് നീതിയും
എന്‍ കൈയിലുണ്ട് ശാന്തിമന്ത്രങ്ങളും

രാഷ്ട്രത്തിനധിപരാം തങ്ങളെന്നുള്ളോരു 
ചിന്തയിലേവം തളിര്‍ക്കുന്നു നിത്യവും

രാഷ്ട്രത്തിന്‍ തന്ത്രം പഠിച്ചവരെന്നുള്ള-
ഹത്തില്‍  തിളങ്ങുന്നവരെന്നുമങിനെ

ധിക്കാരമൊട്ടുമില്ലാത്തൊരു ധിഷ്ണനാ-
ണെന്നു സ്വയം നടിക്കുന്നൊരു നേതാവും

കൈക്കൂലി വാങ്ങുന്നു എങ്കിലും ചൊല്ലുന്നു
ഇല്ലില്ല തെല്ലുമേ വാങ്ങില്ലൊരിക്കലും

കട്ടുമുടിക്കുന്നു ഖജനാവ് നിത്യവും
നില്പ്പതോ കക്കാത്തപോലെയും നിത്യവും

മോഷണം ഭൂഷണമായിത്തിമിര്‍ക്കുന്നു
ഭീഷണിയില്ലവര്ക്കേതുമേ മുന്നിലായ്

മോഷണം കാട്ടിക്കൊടുക്കുന്നവര്‍ നാളെ
ഭൂമിക്കു മേലെയില്ലെന്നതുമോര്‍ക്കണം

ബലാല്‍സംഗത്തിന്റെ ബഹുവിധഭാവം
അഴിമതിയേക്കാള്‍ ബഹുമുഖമായി

ഡല്‍ഹിയും സൂര്യനെല്ലിയും ചേര്‍ന്നതാ
സ്ത്രീ പീഡനത്തിന്‍ കഥകള്‍ തുടരുന്നു

അഴിമതിയിഴ പിഴയാതെ നടത്തും
അധികാരികളുടെ കൂട്ടം രാഷ്ട്രം

രാഷ്ട്രഗധിക്കധിഗുണമാകേണ്ടവര്‍
രാഷ്ട്രത്തിന്‍ ചുടുനിണമൂറ്റിക്കുടിക്കുന്നു

വാഗ്ദാനവര്‌ഷം നല്കിയൊരുദിനം
കനകസിംഹാസനം കൈക്കലാക്കീടുന്നു

പണ്ടൊക്കെ ശിക്ഷക്ക് ശേഷം ഭരിച്ചെങ്കില്‍
ഇന്ന് വരിക്കുന്നു ഭരണശേഷം ജയില്‍ 

എന്നാണ് നമ്മുടെ നാടിന്റെ രക്ഷ
എന്ന് മാറും ഈ രാഷ്ട്രീയ തന്ത്രങ്ങള്‍

2 comments:

  1. എന്നാണ് നമ്മുടെ നാടിന്റെ രക്ഷ
    എന്ന് മാറും ഈ രാഷ്ട്രീയ തന്ത്രങ്ങള്‍

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ..

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
  2. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി സുഹൃത്തെ.

    ReplyDelete