Tuesday, April 16, 2013

മരണം ഒരു ചങ്ങാതി

അജ്ഞാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചുവെങ്കിലും 
മൂടിക്കിടക്കും നിനയ്ക്കാത്ത മുറിവുകള്‍ ‍

മരണമേ നിന്നെ ഞാനൊരുനാളില്‍ ‍നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും
കാരിരുമ്പിമ്ബിന്‍റെ കൂര്‍ത്ത മുന പോലെ
മാനസപ്പൊയ്കയില്‍ വന്ന കാലം ‍

കരിമുകിലഖിലമൊരഗ്നിതന്‍ ഗോളമായി
ഹൃദയത്തിനുള്ളില്‍ നിറഞ്ഞൊരിക്കല്‍
നൌകകള്‍ മരിയാനച്ചുഴിയില്‍പെടുംപോലെ  
അകമലരാണ്ടുപോയ് ഭീതിയിങ്കല്‍ ‍

ഉത്കണ്ഠയേറുന്നു, കണ്ഠമിടറുന്നു 
പിണ്ഡമായ് മാറിയെന്‍ ഗാത്രിയെന്നോ 
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലെത്തിയാ 
ക്രുദ്ധനാമശരീരി ഗന്ധര്‍വമെന്നോ

നാളുകള്‍ നീണ്ടുപോയ് കാതങ്ങള്‍ താണ്ടിഞാന്‍
ശീലിച്ചു മരണത്തെ സഹപാഠിയാക്കിടാന്‍ ‍
എങ്കിലും ഭയമെന്ന കൂരമ്പു മൂര്‍ച്ചയാ -
ലെന്‍നെഞ്ചു കുത്തി തുറന്ന കാലം

കടലിലെ തിരമാലയെന്നപോലെന്നാത്മ
സംഘര്‍ഷമോരോന്നുയര്‍ന്നു പൊങ്ങി
സന്താപനാത്മക സന്തിയായെന്നുളില്‍
സുന്ദര സ്വപ്നങ്ങളന്നൊടുങ്ങി

ഉത്കണ്ഠയെല്ലാമൊരുകൊടുങ്കാറ്റ് പോല്‍
ഉള്ളില്‍ കിടന്നലതല്ലുന്ന നേരത്ത്
പതിയെ പതിയെയീ പതിതനാമെന്‍റെയാ
പ്രാണന്റെയുള്ളിലെ ശക്തി കണ്ടു

യുദ്ധങ്ങള്‍ ചെയ്തുചെയ്താ‍ജിച്ചയൂര്‍ജം പോല്‍
സംഘര്‍ഷ യുദ്ധങ്ങളില്ലാതായി
രാക്ഷസനായോരു സത്വമല്ലവനെന്ന്
ചിന്തിച്ചു ചിന്തിച്ചകര്‍ശിതനായി

സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്

അന്ന് തൊട്ടിന്നേവരെയെന്‍റെ ഹൃദയത്തില്‍
മരണത്തിന്‍ ഭയചിന്ത ലവലേശമില്ല
അന്നു തൊട്ടെന്നും ചേതനയോടുള്ള
ഓജസ്സും തേജസ്സും തന്നീടുന്നു ‍

2 comments: