Friday, April 26, 2013

കവിതകളും കുട്ടിക്കാലവും


ഏവര്‍ക്കും ഉണ്ടൊരു കാലം
കളികളുടെ കുട്ടിക്കാലം
നിര്‍മലമാം മനസ്സിന്നുള്ളില്‍
ജീവിതമൊരു സ്വര്‍ഗം എന്നും

എവരിലും ഇങ്ങിനെയൊരു മനം
ഉറങ്ങുന്നുണ്ടെന്നുള്ളൊരു കഥ
അറിയുമ്പോള്‍ നമ്മുടെയുള്ളില്‍
ആനന്ദം അവിരാമത്തില്‍

ഏവം ഞാനോര്‍ത്തീടുമ്പോള്‍
എന്നുടെയൊരു കുട്ടിക്കാലം
ഓര്‍മയിലേക്കെത്തീടുന്നു
നിങ്ങളുമായ് പങ്കീടുന്നു

ചങ്ങാതികള്‍ പോലീസായി
ഞാനൊരു വന്‍ കള്ളനുമായി
കൈതക്കാടായിത്തീര്‍ന്നു
കളികള്‍തന്നൊളിസങ്കേതം

കുട്ടിയുമൊരു കോലുമുണ്ട്
കളിവട്ടായൊരു നല്‍ ‍വട്ട്
കുഴിയില്‍ ഒരു പന്തും സാറ്റണി
കളികള്‍ അങ്ങിനെ അനവധിയുണ്ട് 

അന്തിക്കു അമ്മയുമൊരുനല്‍
വല്‍സലമാം ദൃഷ്ടിയുമേകും
അച്ചന്റെ ചെറു രോക്ഷത്തില്‍
പെട്ടെന്നാ മുഖവും വാടും

കണ്ണീരില്‍ ചാര്‍ത്തിയ പുഞ്ചിരി
തൂകുമ്പോളെന്നുടെ ഹൃദയം
രോദനമാമൊരു രാഗത്താല്‍ ‍ ‍
കവിതയ്ക്കും ചോദകമായി

കുട്ടികളുടെ കവിതകളെല്ലാം
പാടിക്കൊണ്ടെല്ലാ ദിനവും
നേരം പോക്കാക്കീടുമ്പോള്‍
നിര്‍വൃതിയും മനസില്‍ നിറയും

കളികളുടെ ഇടയില്‍ പോലും
മനസ്സിന്റെ സുഖമെന്നത് പോല്‍
കവിതകളും പാടിയിരുന്നു
ചെറുസുഖമായ് നിര്‍വൃതിയായി

അന്നെല്ലാമെന്നുടെ ഹൃദയം
കുഞ്ചന്‍തന്‍ താളത്താലേ
ആനന്ദിച്ചെന്നും നല്ലൊരു
കവിതയുമങ്ങുരുവിട്ടപ്പോള്‍

സഹപാഠികളൊന്നൊന്നായി
വന്നീടും തുള്ളല്‍ കേള്‍ക്കാന്‍
ആടും അവര്‍ പാടും ഒപ്പം
ആനന്ദ നിര്‍വൃതിയിങ്കല്‍

ശീതങ്കന്‍ പറയനുമങ്ങിനെ
പലവിധമാം തുള്ളല്‍ കഥകള്‍ 
ആരെങ്കിലുമുരിവിട്ടെന്നാല്‍
അണയും ഞാനവരുടെയിടയില്‍  

ആശാന്റെ 'കരുണ'ക്കടലും
വള്ളത്തോള്‍ 'ബധിരവിലാപം'
ഇഷ്ടം തന്നാണെങ്കിലൂമീ  
തുള്ളല്‍തന്‍ മാമകമോദം

ബാല്യമൊരു ഭാവുകമാക്കി
കവിതകളോ ഭാസുരമാക്കി
കുട്ടികളാം ഞങ്ങള്‍ എന്നും
ആര്‍ത്തു ചിരിച്ചാഹ്ലാദിച്ചു

അച്ഛന്‍തന്‍ സാഹിത്യത്തിന്‍
അഭിരുചിയും കണ്ടുപഠിച്ചു
അതിമോഹന മോഹക്കടലില്‍
കവിതകളെ പ്രണയിച്ചൂ ഞാന്‍

മാവിന്റെ മുകളില്‍ കയറി
മാമ്പഴമൊന്നീമ്ബീടുമ്പോള്‍
ഓര്‍ക്കുന്നൂ 'മാമ്പഴ'മൊന്നു
കണ്ണീരിന്‍ വൈലോപ്പള്ളീ

‍പൂക്കളുടെ ആസ്വാദനമായ്
തോട്ടത്തില്‍  ചെന്നപ്പോഴോ
പൊഴിയുന്നൊരു പൂകണ്ടപ്പോള്‍ 
സ്മരണകളായ് 'വീണപൂവ്'

റോസാപ്പൂ കണ്ട നിമിഷം  
ഒര്ത്തൂ ഞാന്‍ നിറവും നിണവും
'പനിനീര്പൂ'വാകേണം നാം
അകമലരിന്‍ നിര്‍മലസത്ത

പാടുന്നൊരു കിളിയെ നോക്കി
പാടും ഞാന്‍ കവിതകളൊക്കെ
പാട്ടിന്റെ ഈരടിയൊത്തു
'കിളിപ്പാട്ടും'ഞാന്‍ പാടിയിരിന്നു 

വൃക്ഷത്തിന്‍ ശിഖരത്തിങ്കല്‍
മഞ്ഞക്കിളി വന്നപ്പോഴോ
ഓര്മകള്‍തന്‍ ചെപ്പ് തുറന്നു
ഓമനയാം 'മഞ്ഞക്കിളി'യും

പാടത്തു തോണിയിലേറി
കുട്ടികളാം ഞങ്ങള്‍ പലനാള്‍
തുഴയുമ്പോള്‍ 'വഞ്ചിപ്പാട്ടി'ന്‍
താളത്തില്‍ മുഴുകീ മെല്ലെ

തുഞ്ചനിലും കുഞ്ചനിലും ഞാന്‍
കൗതുകുമാം താളം കേട്ടു
എങ്കിലുമാ തുള്ളല്‍ കഥകള്‍
നല്കുന്നു കൗതുകമധികം

ഇന്നത്തെ കുട്ടികളിങ്ങിനെ
സുന്ദരമാം താളത്താലേ
സുന്ദരാമൊരുനല്‍ബാല്യം
കാണുന്നൊരുസ്വപ്നം മാത്രം








ആശയങ്ങള്‍:
ഭാവുക = കവിതാ വാസനയുള്ള
ഭാസുര = ശോഭയുള്ള
ചോദകം = പ്രചോദകം





No comments:

Post a Comment