Monday, October 8, 2012

ആര്‍ക്കും വേണ്ടാത്തവരുടെ അമ്മ

കല്‍ക്കത്തയെന്നൊരു ഖ്യാതിയിലുള്ളോരു  
നഗരത്തില്‍ പണ്ടൊരു അമ്മ വന്നു

ആര്‍ഭാടജീവിതമാണവിടെങ്കിലും
അല്ലലിന്നലയാഴി കാണാമവിടെ

ഇരവിലും പകലിലും തെരുവിലായലയുന്ന
പതിതരില്‍ പതിതര്‍ ചെന്നെത്തുന്നിടം

അഗതിയെത്തേടിയലഞ്ഞയാ അമ്മയോ
കേട്ടതോ രോദനം ചേരികളില്‍

ആഴത്തിലുള്ളോരു മുറിവായ തേങ്ങലോ
ഹൃദയത്തിലമ്പായി തറച്ചുനിന്നു

സ്വാര്‍ത്ഥ മോഹങ്ങളെ താരാട്ടിനില്‍ക്കുന്ന
പാപികള്‍ വിഹരിക്കും നഗരിയിങ്കല്‍

ചാപല്യമാനസ സങ്കല്പ ലോകത്തില്‍
ശാപമായ്ത്തീര്‍ന്നൊരു മൂഡസ്വര്‍ഗം

നൈമിഷമാകുന്നോരൈഹിക നിര്‍വൃതി
എത്രയോ ജന്മത്തിന്‍ മുകുളമായി

ആരുമില്ലാത്തോരാ ജന്മ ദുഖത്തിന്റെ
ഭാരമിറക്കി അത്താണിയായി

ആര്‍ക്കും വേണ്ടാത്തൊരാകുഞ്ഞുമക്കളെ 
പ്രതീക്ഷയില്‍ പ്രാണന്റെ ശക്തിനല്കി 

അശരണരായൊരു കോടിജന്മങ്ങള്‍ക്ക്
ആശ്വാസമായൊരു  പുണ്ണ്യജന്മം

ഒരുജന്മം പോലും പഴായിപ്പോകരു-
തെന്നു ഹൃദയത്തിലാശിച്ചവള്‍

അഗതികള്‍ക്കാശ്വാസമായി പിറന്നോരാ 
അമ്മയ്ക്ക് നാമിന്നെന്തു നല്‍കി 

ആലംബഹീനര്‍ക്ക് അത്താണിയായി നാം
അമ്മയോടുള്ള കടം നികത്താം  

  

No comments:

Post a Comment