Wednesday, July 3, 2013

ഉണ്ണീ നീ മറക്കല്ലേ

പൂക്കളെ നോക്കുക ഉണ്ണീ - നിൻ   
പൂമുഖം പോലുള്ളതല്ലേ ! (2)

പാടുവാൻ തോന്നുന്നെനിക്ക് - അവ 
കാണുമ്പോളുണ്ണീയെന്നുള്ളിൽ 

പങ്കിലമേശാത്ത കരളായ് - നീ 
പാരിതിൽ എന്നെന്നും  വാഴ്ക 

പൂന്തേനരുവികളുള്ള - ഒരു 
കാനനഭൂമിയിതിങ്കൽ 

ഒരുനാൾ ജനിച്ചു നീയിവിടെ - മെല്ലെ 
ഭൂമിയിൽ നവജാതനായി 

പത്തുമാസം ചുമന്നമ്മ - നിന്നെ 
കാത്തതിൻ ശേഷമതല്ലേ ! (2)

നിർമലമാനസമായി - നീയൊരു 
നിരുപമ സൗരഭ്യമായി 

അമ്മിഞ്ഞപ്പാലിൻ മധുരം - നുകർ 
ന്നാത്മാവിലാനന്ദമേകി

കുട്ടികളൊപ്പം കളിക്കാൻ - ആദ്യം 
കളിപ്പാട്ടങ്ങൾ ഞാൻ നൽകിയില്ലേ 

കൊഞ്ചിച്ചു വാൽസല്യത്തോടെ - അച്ഛനും 
നിന്നെ ശിരസ്സിൽ വഹിച്ചു 

എങ്ങിനെ വിസ്മരിച്ചീടും - ഉണ്ണീ 
സ്വർഗീയമാകുമാ കാലം 

സൌന്ദര്യമേറുംപ്രഭയിൽ - പൂമേനി 
നാന്മുഖൻ ദാനമതെന്നോ ! (2)

എത്രയോ സ്വപ്നങ്ങൾ കണ്ടു -നിന്റെ 
ഭാവിയെ ഓർത്തമ്മ നിന്നു 

ദുഃഖങ്ങൾ എല്ലാം മറച്ചു - നിന്നെ 
സന്തോഷമുള്ളവനാക്കാൻ 

എത്ര ദിനങ്ങൾ ചെയ്തു - കഠിന 

ജോലികൾ നിന്നെയൊർത്തമ്മ 

പൂമുഖം വാടുമ്പോളമ്മ - നല്ല 
കഥകൾ പറഞ്ഞിരുന്നില്ലേ 

നിദ്രതൻകൈകൾ തഴുകും - നേരത്തു 
താരാട്ടു പാടിയുറക്കും 

ഈയമ്മയിന്നൊരു   കുഞ്ഞായ് - ത്തീർന്നു 
നീയോ വലിയൊരു വ്യക്തിയുമായി  

വിസ്മരിക്കല്ലേ നീയുണ്ണീ - നിന്റെ 
കടമകളന്ത്യംവരേയും   

എന്നെ സംരക്ഷിക്കു വാനുണ്ണീ - നിനക്കു 
നന്മകൾ നഷ്ട്ടമാകല്ലേ ! (2)



6 comments: