Thursday, December 13, 2012

കാനനക്കാഴ്ചകള്‍

കാനനത്തിലൊരു ദിനത്തിലെത്തിയപ്പോളവിടെയാ  
കാഴ്ചകളോ അതിമനോഹരങ്ങളായി തോന്നിയീ-
മനമവിടെയതിലലിഞ്ഞു നയനസുഖം തന്നതും
ഓര്‍ത്ത്‌ വന്ന കഥകളിതാ നല്കിടുന്നതിവിടെയും

അകിലുമത്തിയരണമരം അമ്പഴവും പിന്നെയോ
കാട്ടുകോഴി കാലിമുണ്ടി കൊക്ക് കൂമനെന്നിവര്‍
കൂട്ടത്തോടെ ആനകളും  കാനനത്തില്‍ കണ്ടതും

ആഞ്ഞിലിയും ആറ്റുതേക്ക് ആറ്റുവഞ്ചിയിത്തിയും
കാട്ടുകൊന്ന കാട്ടുപുന്ന കാട്ടുചെമ്പകത്തിനെ
നോക്കിയങ്ങിരുന്ന നേരം കണ്ടു മാതളിത്തിനെ
കാട്ടുകവുക് കരിമരുത് കശുമാവ് കരിങ്ങാലിയും
പാരിജാതം പവിഴമല്ലി പൂവരശു പെരുമരം
കണ്ടു ഹരിതകത്തിനോട് നന്ദിയോടിരുന്നതും
ആത്തച്ചക്ക തിന്നുവാനായാത്തയെത്തിരഞ്ഞതും
ആഞ്ഞിലിതന്‍ ചക്കയൊന്നുമുന്നിലായി വീണതും
മാവ്പൂത്തു പൂക്കള്‍പോലെ  മാതളത്തിനരികിലും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍ 

കാട്ടുവഴിയിലൂടെയെത്തിനോക്കി ഗോഷ്ടികാട്ടവേ
മുണ്ടി ചാരമുണ്ടി മൈന മണ്ണാത്തിപക്ഷിയെന്നിവര്‍
ചാരെ വന്നു തീഷ്ണമായി നോക്കിയങ്ങുപോകവേ
കണ്ടുമയില്‍  ഹ്ലാദമോടെ  പീലിനീര്‍ത്തി നിന്നതും
കാട്ടുകുളക്കോഴിയൊന്നു കൂട്ടു കൂടാനെത്തവേ
കുരുവിയെവിടെയെന്നു പരതിയെന്‍മനവുമിടറവേ
കണ്ടുകുരുവി ആവലിയായരികിലെത്തി നോട്ടവും
എന്റെയിഷ്ടപക്ഷിയായ തത്തയെത്തിരഞ്ഞതും
തത്ത പേരത്തത്ത  എല്ലാം  കൂട്ടമായ്പ്പറന്നതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍ 

കാട്ടരുവി ഒഴുകിയൊഴുകി കള കളാരവത്തിലും
കാട്ടുപന്നി കുറുനരിയും കടുവ പുലിയെന്നിവ
കാട്ടുപൂച്ച കായ്കനികള്‍ തിന്നു തിന്നലഞ്ഞതും
വനരാജനായ സിംഹമെത്തിയിണ്ടലേകിപോയതും
കാട്ടുവെരുക് മുരടനക്കി കീരിയുടെ അരികിലും
കീരികണ്ട കാട്ടുപാമ്പ് പാഞ്ഞുപോയ നേരവും 
അണ്ണാനാട്ടെ ചില്ലയിലാടി കീ കീ കീ കീ പാടിയതും
കാട്ടുതേളിന്‍ ‍ഗമനപാത കണ്ട കൌതുകത്തിലും
കാട്ടുകുളം നടുവിലൊരു താമരപ്പൂ കണ്ടതും
നോക്കിയങ്ങിരുന്നുപോയി മോക്ഷലോകമെന്നപോല്‍

Thursday, December 6, 2012

അമ്മയും കത്തുകളും

ഒരുചിന്ത വന്നുപോയി ഗതകാലസ്മരണയില്‍           
ഒരുകത്ത് പഴയതു വായിച്ചാ നിമിഷത്തില്‍  (2)

മനസ്സിന്റെ നിറമല്ലോ അക്ഷരക്കൂട്ടത്തില്‍
വായിച്ചതെല്ലാം ഞാന്‍ തൊട്ടറിഞെന്നപോല്‍

ഓര്‍മ്മകള്‍ പുറകോട്ടുകൊണ്ടുപോയാ നല്ല
കത്തെഴുത്തെന്‍ചിത്ത ശീലമാം നാളുകള്‍ 
 
ഓര്‍മ്മയിലായിരം സ്വപ്‌നങ്ങള്‍, ചിന്തകള്‍ 
വന്നുപോകുന്ന സായമാം സന്ധ്യകള്‍

അമ്മയ്ക്ക് കത്ത് വിട്ടില്ലെങ്കിലെന്‍മനം
അമ്മതന്നോര്മ്മയിലാര്‍ന്നുപോകുന്നു ഹാ!

അമ്മയ്ക്ക് പൈസവേണ്ടോരുനല്ല കത്താണ്
അമ്മയ്ക്ക് വേണ്ടതെന്നെന്നുമെന്നോടമ്മ

ഒരു കത്ത് കണ്ടില്ലേലമ്മ കരയുമെ-
ന്നെന്‍മനം കേഴുന്ന രജനീ ദിനങ്ങളും

ഏവം ഞാനോര്‍ക്കുമ്പോള്‍ മനസ്സു പിടയുന്ന
എത്രയോ നിമിഷങ്ങള്‍ പോയ്മറഞ്ഞങ്ങിനെ

ഇല്ല ഞാന്‍ നിര്‍ത്തുകില്ലീ എഴുത്തെന്റെയീ
മനതാരിലാകെ പടര്‍ന്ന സ്നേഹാംബയ്ക്ക്

മാസത്തില്‍ നാലു കത്തെന്ന കണക്കിന് 
എഴുതുമായിരുന്നോരു നാളുകളോര്‍ത്തുപോയ്‌

ഒരു നല്ല മരതകക്കനിപോലെ സൂക്ഷിച്ചു ഞാ-
നമ്മതന്‍ കത്തുകള്‍ എന്റെ മേശക്കുള്ളില്‍

അക്ഷരം നല്ലതല്ലെന്കിലുമാ ഹൃത്ത്
കാണുന്നഞാന്‍കാണും അര്ഥമോ പൂര്‍ണമായ്

അമ്മയോ പോയ്മറഞ്ഞെന്കിലുമാ നല്ല
കത്തിന്റെ രൂപത്തില്‍ അമ്മ ജീവിക്കുന്നു

എന്നും ഞാന്‍ നോക്കിയിരിക്കുമാ കത്തില്‍
എന്നുമാ മാതാവിന്‍ തലോടലേറ്റീട്ടീടുവാന്‍ 

മക്കള്‍ നാമൊരിക്കലും മറക്കല്ലേ അമ്മയെ
എന്നുമാ മാതാവ് മാലാഖയാണോര്ക്കുക

ഒരു ചിന്ത വന്നുപോയി ഗതകാലസ്മരണയില്‍
ഒരു കത്ത് പഴയതു വായിച്ചാ നിമിഷത്തില്‍ 

Thursday, November 15, 2012

എന്‍ മൗനനൊമ്പരം

മനസ്സൊരു മായിക ശക്തിയായിത്തീരവേ 
മൌനമേ നിന്നെയളക്കാന്‍ തുനിയവെ
മാനസജാലക വൈവിധ്യമാര്ന്നൊരാ
ക്രാന്തമാം ദര്‍ശനമെന്‍ മൗനനൊമ്പരം

ഒരുപുഷ്പസൌന്തര്യം കണ്ടുണര്‍ന്നീടുവാന്‍ 
പൂവാംകുറുന്നില നുള്ളി എടുക്കുവാന്‍
പൂന്തേനരുവിതന്‍ താളം കേട്ടീടുവാന്‍
സാധ്യമാകാഞ്ഞതാണെന്‍ മൗനനൊമ്പരം

നിര്‍മല നീര്‍ച്ചോലയായി പടര്ന്നെന്റെ
നിര്‍മാല്യ പ്രഭയായിത്തീരുമാ നല്ലൊരു
നിശാഗന്ധിപോലെ വിടര്ന്നുകൊണ്ടാ  നല്ല
പുഷ്പമായ് തീരാഞ്ഞതെന്‍ മൗനനൊമ്പരം

വര്‍ഷമേഖങ്ങളെ കാത്തുകാത്തുള്ളോരു
വേഴാമ്പലിന്റെ മനസ്സുപോലുള്ളോരു 
ഹൃദയമാം കൊവിലിനുള്ളിലെക്കെത്താത്ത
ഹ്ലാദമാം കാതലാണെന്‍  മൗനനൊമ്പരം

ആശകള്‍ക്കാശങ്കയൊന്നും കൊടുക്കാത്ത
പാറിപ്പറക്കുന്ന കിളികളെ നോക്കിഞാ-
നാകാംഷയോടങ്ങു ചിന്തിച്ചു മാമക
ആകാംഷ തന്നെയാണെന്‍ മൗനനൊമ്പരം

ദുഖമേ നിന്റെ മടിത്തട്ടില്‍ ഞാനൊരു
ദുര്‍ലഭമായോരു മൌനത്തെ കണ്ടപ്പോള്‍
ഓര്‍ത്തുപോയ് ഞാന്പര സ്വാന്തനമായെങ്കില്‍ !
സ്വാന്തനമാകാഞ്ഞതെന്‍ മൗനനൊമ്പരം

ശൈശവ മാനസ ശാലീനമായൊരു
വിഹമായഗൃഹമെന്‍ മനസ്സില്‍ വിടര്‍ന്നു ഹാ
നിസ്സീമാമായൊരു പ്രഭയായിത്തീര്‍ന്നെങ്കില്‍  !
നിഷ്പ്രഭ ശാലീനമെന്‍ മൗനനൊമ്പരം
      
മനസ്സൊരു മാന്ത്രിക .....

Monday, October 8, 2012

ആര്‍ക്കും വേണ്ടാത്തവരുടെ അമ്മ

കല്‍ക്കത്തയെന്നൊരു ഖ്യാതിയിലുള്ളോരു  
നഗരത്തില്‍ പണ്ടൊരു അമ്മ വന്നു

ആര്‍ഭാടജീവിതമാണവിടെങ്കിലും
അല്ലലിന്നലയാഴി കാണാമവിടെ

ഇരവിലും പകലിലും തെരുവിലായലയുന്ന
പതിതരില്‍ പതിതര്‍ ചെന്നെത്തുന്നിടം

അഗതിയെത്തേടിയലഞ്ഞയാ അമ്മയോ
കേട്ടതോ രോദനം ചേരികളില്‍

ആഴത്തിലുള്ളോരു മുറിവായ തേങ്ങലോ
ഹൃദയത്തിലമ്പായി തറച്ചുനിന്നു

സ്വാര്‍ത്ഥ മോഹങ്ങളെ താരാട്ടിനില്‍ക്കുന്ന
പാപികള്‍ വിഹരിക്കും നഗരിയിങ്കല്‍

ചാപല്യമാനസ സങ്കല്പ ലോകത്തില്‍
ശാപമായ്ത്തീര്‍ന്നൊരു മൂഡസ്വര്‍ഗം

നൈമിഷമാകുന്നോരൈഹിക നിര്‍വൃതി
എത്രയോ ജന്മത്തിന്‍ മുകുളമായി

ആരുമില്ലാത്തോരാ ജന്മ ദുഖത്തിന്റെ
ഭാരമിറക്കി അത്താണിയായി

ആര്‍ക്കും വേണ്ടാത്തൊരാകുഞ്ഞുമക്കളെ 
പ്രതീക്ഷയില്‍ പ്രാണന്റെ ശക്തിനല്കി 

അശരണരായൊരു കോടിജന്മങ്ങള്‍ക്ക്
ആശ്വാസമായൊരു  പുണ്ണ്യജന്മം

ഒരുജന്മം പോലും പഴായിപ്പോകരു-
തെന്നു ഹൃദയത്തിലാശിച്ചവള്‍

അഗതികള്‍ക്കാശ്വാസമായി പിറന്നോരാ 
അമ്മയ്ക്ക് നാമിന്നെന്തു നല്‍കി 

ആലംബഹീനര്‍ക്ക് അത്താണിയായി നാം
അമ്മയോടുള്ള കടം നികത്താം  

  

Monday, October 1, 2012

യേശുവിന്റെ കുഞ്ഞുപുഷ്പം

പാശ്ചാത്യനാടായ ലിസ്യുവിലൊരു നാളില്‍
തെരേസയെന്നൊരു ശിശു പിറന്നു
ഇളയവളായിപ്പിറന്നയാ കുഞ്ഞിന്റെ
മനസ്സില്‍ വിഹത്തിന്റെ വിത്തുണര്‍ന്നു
അകമലരുള്ളിലെ ആശകളെല്ലാമേ
അഖിലേശ്വരന്റെ വഴിക്ക് വിട്ടു
അകതാരിലെന്നുമൊരേയൊരു സ്വപ്നമാ
യാകുഞ്ഞു മനസ്സിലേക്കാവഹിച്ചു
താനൊരു പുഷ്പമായ് വിടരേണമാനല്ല
സൂര്യനില്ലാത്തൊരാ നാട്ടില്‍ നീളെ
താനാരുമല്ലിവിടെന്നു നിനച്ചതും
തന്‍പേരു കീര്‍ത്തിയിലാകരുതെന്നതും
ആ കുഞ്ഞു മാനസ സ്വപ്നമായി
എങ്കിലുമീ ലോക മാനുഷരെല്ലാരും
ആ കീര്‍ത്തി കേട്ട് കേട്ടാനന്ദിച്ചു

എത്രയോ സാഹിത്യമുകുളങ്ങള്‍ തീര്‍ത്തൊരാ
കുഞ്ഞു തെരേസതന്‍ മാനസത്തില്‍
പുഷ്പങ്ങള്‍ വര്‍ഷിച്ച പരിശുദ്ധാത്മാവിന്റെ
കൈവിരല്‍ സ്പര്‍ശങ്ങളേറ്റു വാങ്ങി
വിനീതയായൊരു കുഞ്ഞു പുഷ്പം
കുരിശു ചുമന്നൊരു ദീന നാള്കള്‍
രോഗങ്ങള്‍ വന്നതോ രക്തം പോലെ
പുഷ്പങ്ങളായവളതേറ്റു വാങ്ങി

അരുണനാം  നിറദീപമുള്ളില്‍  തിളങ്ങുന്ന
പനിനീര്‍ പൂവിന്ടനുഗ്രഹങ്ങള്‍
നാകലോകത്തു നിന്നെന്നും വര്ഷിക്കൂ
യേശുവിന്‍ കുഞ്ഞായ പുഷ്പമേ നീ
ചെറുപുഷ്പമായൊരു പാവനദീപമേ
അടിയങ്ങള്‍ക്കെന്നും വഴിയാകണേ
പനിനീര്‍ പൂക്കളെ വര്ഷിച്ചീടണേ
അന്ധകാരത്തിന്റെ ശക്തിനീക്കാന്‍

Thursday, September 27, 2012

ശൈശവ മാനസം

ശിശുവിന്‍ ഹൃദയം സ്വര്‍ഗ്ഗതുല്യം
ശൈശവ പുഞ്ചിരി പാല്‍പുഞ്ചിരി
നിദ്രയില്‍ കുഞ്ഞതാ പുഞ്ചിരിതൂകുന്നു
സുന്ദരമോഹന സ്വപ്നം കാണുന്നൊരു
മാനസം കൊണ്ടൊരു കളിവീടൊരുക്കിയാ
പിഞ്ചു മനസ്സുകള്‍ ആനന്ദിക്കും

പനിനീര്‍പൂവിന്റെ ചാരുതയോടെ
പൂന്തേനരുവിതന്‍ ശാന്തതയോടെ
പൂമലര്‍ വാടിതന്‍ ശോഭയോടെ
പുത്തനുണര്‍വിന്റെ കാന്തിയോടെ
സൂര്യനെ വെല്ലും പ്രഭയാര്‍ന്നിതാ
ഒരു കുഞ്ഞു മുത്തിന്റെ പാല്‍പുഞ്ചിരി

നല്ലൊരു സ്വര്‍ഗത്തിന്‍ താക്കോലത്ത്
ഹാ നല്ല ഉദ്യാന വാതിലത്
എത്രയോ നിര്‍വൃതി നല്‍കുമാ പുഞ്ചിരി
എത്രനാളമ്മയ്ക്ക് കാണാനാക്കും
എത്രയോ സന്തോഷമുള്ളില്‍ തുടിക്കുന്ന
ഓമന മുത്തു വളര്‍ന്നീടുമ്പോള്‍
എവിടെയോ  മറയുന്നാ സൌന്ദര്യവും

മാധുര്യമേറുന്ന മന്ദാരമലരായ്
മാനസ വീണയില്‍ വന്നീടുക
എന്നെന്നും മണ്ണിനാ നന്ദനം നല്‍കുന്ന
നാക വിളക്കിന്‍ പ്രഭയോടെ നീ
പുഞ്ചിരി തൂകും മുഖത്തോടെ നീ
എന്നെന്നും ഞങ്ങള്‍ക്ക് സ്വര്‍ഗമേകൂ
  

Friday, September 21, 2012

ജ്ഞാനം

ജ്ഞാനപ്രകാശത്തെ തേടി ഞാനീ  
മണ്ണിലലയും മരിക്കുവോളം

ജ്ഞാനമല്ലറിവെന്നറിവിലേക്കീ
ഞാനെന്‍ മനസ്സിനെ കൊണ്ടുപോകും

എത്രയേറെപഠിച്ചുപോയ്‌  ഞാന്‍
എത്രയേറെയഹത്തില്‍ കുളിച്ചു ഞാന്‍

എന്നിലെ ഞാനെന്ന ഗര്വിനെ ഞാന്‍
എന്നേക്കുമായി കുഴിച്ചു മൂടും

പഠിച്ചു പഠിച്ചു നാം പണ്ഡിതരായ്
പാഠങ്ങളെല്ലാം ഹൃദിസ്ഥമാക്കി

എങ്കിലും ജ്ഞാനമേ നിന്നെ മാത്രം
അകതാരില്‍ കണ്ടില്ല നിര്ണയമായ്

വിവേകത്തില്‍ ബുദ്ധിയെ തൊട്ടുണര്ത്തി
അഹമെന്ന ഭാവം വെടിയണം നാം

പണ്ടിതനായൊരു ജ്യേഷ്ടനവന്‍
വിനീതനായൊരു വിവേകിയവന്‍

അഹമൊട്ടുമില്ലേലവന്‍തന്നെയാ-
ജ്ഞാനിയെന്നുള്ളതു നിസ്സംശയം

Monday, September 10, 2012

എന്തിനാണമ്മ കരഞ്ഞത്

ഒരു സന്ധ്യയാകുന്ന യാമമതില്‍
കണ്ണീര്‍ തുടച്ചു കൊണ്ടേകനായി
നാളെയെ ഓര്‍ക്കും മനതാരിലോ  -
ഒരുകൊച്ചു സ്വപ്നം ഞാന്കണ്ടിരുന്നു

ഒരു കുഞ്ഞു കാറ്റ് വന്നെന്റെയുള്ളില്‍
കുളിരേകി കനിവേകി സ്വാന്തനമായ്
എങ്കിലും പിന്നെയും ഓര്‍ത്തുപോയി
എന്തിനാണമ്മ കരഞ്ഞതെന്ന്


അങ്ങേതൊടിയിലെ വേലിയിലായ്
കാണും തപസ്സിതന്‍ ഞെട്ടറുത്തും
കൊഴുപ്പയും, കുപ്പചീരയില
കൊണ്ടൊരു കറി വെച്ചൂട്ടിയതും


മുറ്റമടിച്ചു വെടിപ്പാക്കിയും
കാലികള്ക്കെന്നുമാ  പുല്ലറുത്തും
പൈതങ്ങള്ക്കെന്നും ചോറുവെച്ചും
നിദ്രയെപുല്കി നിശാവേളയില്‍
  
കയ്യോന്നി തേടിയലഞ്ഞ നേരം
കുറുന്തോട്ടി, തഴുതാമ കിട്ടിയപ്പോള്‍
നല്ലോരെണ്ണ മുറുക്കിയതും
ഓര്‍ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി

പാട വരമ്പിലെ പുല്മേടയില്‍
അമ്മക്കൊരത്താണി ആയ കാലം
അമ്മതന്‍ കണ്ണീര്‍ തുടച്ചനാളും
എന്നുമെന്‍ ഓര്‍മയില്‍ ഓടിയെത്തും

തിണ്ണയില്‍ വന്നിരിക്കും വേളയില്‍
നാലും കൂട്ടി മുറുക്കുന്ന നേരത്ത്
എത്രയോ സന്തോഷം കാണുമാകണ്‍കളില്‍
കനിവിന്റെ നിറകുടമാകുമാ കണ്‍കളില്‍
  
എങ്കിലും മനതാരിലതിരില്ലാ ചോദ്യമായ്
മാമക മാതാവിന്‍ കണ്ണുനീര്‍ കാണുമ്പോള്‍
എന്തിനോ വേണ്ടി കരഞ്ഞല്ലോ അമ്മയെ-
ന്നോര്ത്തു ഞാന്‍ ചിന്തിച്ചിരുന്നു പോയി 

Wednesday, September 5, 2012

വന്നു നീ

ഒരു ചെറുമഞ്ഞിന്‍ കുളിരുമായി
വന്നു നീയെന്‍ ജീവനാം വേനലില്‍
ഒരു ചെറുചോല പാട്ടു പോലെ
വന്നു നീയെന്‍ സ്മ്രിതിയിലാകെ
ഒരു ചെറുമയില്‍ പേടപോലെ
വന്നു നീയെന്‍ മന്‍മരക്കൊമ്പില്‍
ഒരു പൂര്‍ണചന്ദ്ര പൊന്നൊളിയായി 
വന്നു നീയെന്‍ ജീവ വീഥിയില്‍
ഒരു വസന്തത്തിന്‍ പൂവാടിയായി
വന്നു നീയെന്‍ അങ്കണങ്ങളില്‍
ഒരു വിളവുകൊയ്യും വയലുപോലെ
വന്നു നീയെന്‍ പ്രതീക്ഷയായി
ഒരു ചെറുകാറ്റിന്‍ പൂമണമായി
വന്നു നീയെന്‍ ശ്വാസനാളിയില്‍
ഒരു പുണ്യം കണ്‍നിറക്കാഴ്ചായി
വന്നു നീയെന്‍ അക്ഷിമുമ്പാകെ
ഒരു ഗാനാമൃതം തേനൊലിയായി
വന്നു നീയെന്‍ കര്‍ണത്തിലും
ഒരു മധുവിന്‍ മാധുര്യമായി
വന്നു നീയെന്‍ നാവില്‍ നിറയെ
ഒരു വര്‍ണ്യ സ്പര്ശാനുഭൂതിയായി
വന്നുരുമ്മി നിന്നു നീയെന്നെ



Wednesday, June 27, 2012

മഴ - സുഖവും ദുഖവും


മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന്  
എങ്കിലും മഴയൊരു ദുഖമാണ്
 
മഴയിങ്ങു വന്നാല്‍ മേഖം നനഞ്ഞാല്‍
ആഹ്ലാദമവിരാമാമാണ് പലര്‍ക്കും
മഴ വന്നു നനയുന്ന ബാല്യവും ഓര്മയും
മഴയില്‍ നനഞ്ഞു കുളിച്ചങ്ങു വന്നാലോ
ബാലരിഷ്ടകള്‍ വന്നു പിടിപെടാം
എങ്കിലും  മഴയിങ്ങു വന്നണയും


മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന് 
എങ്കിലും മഴയൊരു ദുഖമാണ്


കാര്‍വര്‍ണമേഖങ്ങള്‍ മാനത്തു നീങ്ങും
കാര്‍കൂന്തല്‍ കാറ്റില്‍ പറക്കും പോലെ
കാവ്യമതങ്ങു ജനിച്ചീടുന്നു
കവിതന്‍ അകമലര്‍ വാടിയിലും
എങ്കിലും കഷ്ടതയുള്ളോരു ഋതുവല്ലോ
വര്‍ഷമിതെന്നുമതാലോചിക്കൂ


മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന് 
എങ്കിലും മഴയൊരു ദുഖമാണ്


ചിക്കന്‍ഗുനിയ, എലിപ്പനി, ഡങ്കി,
എച് വന്‍ എന്‍ വന്‍, ജപ്പാന്‍ ജ്വരവും, 
എന്കഫലൈട്ടിസ്, കോളറയും,
പിന്നൊരു വൈറല്‍ പനിയുടെ വിറയും
അങ്ങിനെ പലവിധ രോഗത്താലെ 
കൈരളി വലയും വര്‍ഷത്താലെ
പൈതങ്ങള്‍ക്കോ ആഹ്ലാദിക്കാന്‍ 
വകയുന്ടെന്നാല്‍ കഷ്ട്ടപ്പാടും  

മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിനു

എങ്കിലും മഴയൊരു ദുഖമാണ്



Tuesday, June 12, 2012

പൂഴിമണ്ണ്


മണ്ണ് മണക്കുന്നു മണ്ണ് മണക്കുന്നു
പുതുമഴയില്‍ ഹാ നല്ല മണ്ണ് മണം
നമ്മുടെ അസ്തിത്വ മണ്ണ് മണം  ( 2 )

തന്മാത്ര എന്നത് ആറ്റങ്ങളാണെന്നു-
മുള്ളോരറിവിന്റെ പൂര്‍ണതയില്‍
എത്രയോ തന്മാത്ര കൂടിക്കലര്ന്നിട്ടു-
ന്ടായോരാനല്‍ മണല്‍കൂമ്ബാരവും
എത്രയോ നാളുകള്‍ തേഞരഞ്ഞാ നല്ല
തരികള്ക്കിടയിലോ കാണുന്നു പാഴ്ജന്മ-
മാകുന്നൊരാ തനി പൂഴിമണ്കൂമ്പാരവും
എത്രയോ വൃക്ഷങ്ങള്‍ വളമായെടുത്തതും
എത്രയോ കാതങ്ങള്‍ ഒഴുകിത്തിമിര്ത്തതാ
പോകുന്നു തോടുകള്‍ മേടുകള്‍ താണ്ടിയാ
ദ്രവ്യത്തിന്‍ മാറ്റമോ നില്‍ക്കാത്ത യാത്രയും
വൃക്ഷങ്ങള്‍, പക്ഷി മൃഗാദികള്‍ തന്നെയും
സര്‍വ ചരാചര ജീവികള്‍ എന്നിവ
മാറ്റത്തിന്‍ ചാലക വാതയനത്തിലാ-
ണെന്നൊരു സത്യമിവിടെയുന്ടെന്നു നാം
അറിയുക, ജ്ഞാനപ്രകാശമാം മാറ്റത്തെ,
പദാര്ത്ഥമാം പൂഴിയെ നാമറിന്ജീടണം
പണ്ടേ ചലിക്കുന്ന അസ്തിത്വമാണവ
മരണമോ ജനനമോ മാറ്റില്ല മണ്ണിനെ

പൂഴിമണ്‍ തന്നിലേക്കമരുന്ന  ജീവനോ
ആകുന്നു പൂഴിതന്‍ സ്ഥായിയാം അസ്ഥിത്വം
അങ്ങിനെ പോകുന്നു നമ്മുടെ ജീവനും
മറ്റൊരു ജീവനു കാരണഭൂതവും
പച്ചയാം മനുഷ്യനോ പാന്ഥനാണെങ്കിലും  
പാഴ്ചിന്ത മാറ്റില്ല ഇരവിലും പകലിലും
അഹമെന്നുള്ളോരു ഭാവത്തില്‍ നീന്തുന്നു
വ്യര്ഥമാം വ്യാമോഹ  സ്വര്ഗത്തിലും
വിഹമെന്ന സത്യമോ ധരിത്രിയിലാണെന്നു
വീണ്‍വാക്ക് ചൊല്ലിചലിക്കുന്നു നമ്മളും  
നമ്മളോ സത്യത്തില്‍ പൂഴിമണ്‍ തന്നെ
പണ്ടേ ജനങ്ങളറിയുന്ന സത്ത്യവും

ചലനത്തിലാണ് തന്‍ ചോരയും നീരും
ചലനത്തിലാണ് തന്‍ ജീവന്റെ തേജസ്സും
എങ്കിലും താനൊരു പൂഴിമണ്ണാണല്ലോ
ജീവന്റെ വേരായ പൂഴിമണ്ണാണല്ലോ
ദ്രവ്യത്തിന്‍ മാറ്റങ്ങള്‍ മറക്കരുതേ നമ്മള്‍
ദ്രവ്യമോ സര്‍വത്ര കാണുമീ പൂഴിമണ്ണും

മണ്ണ് മണക്കുന്നു മണ്ണ് മണക്കുന്നു ... ( 2 )